റിയാദ്: സഊദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ തീവ്രവാദ കേസിൽ പ്രതിയായ സ്വദേശി പൗരനെ വധശിക്ഷക്ക് വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തീവ്രവാദ സെല്ലുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതിനും സുരക്ഷാ ഉദ്യോഗസ്ഥരെയും പൗരനെയും കൊലപ്പെടുത്തിയതിനും പിടിയിലായ പ്രതിയുടെ വധശിക്ഷയാണ് ചൊവ്വാഴ്ച നടപ്പാക്കിയത്. പ്രതി മോളോടോവ് കോക്ടെയ്ൽ ബോംബ് കൈവശം വെച്ചിരുന്നതായും സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ അസ്ഥിരപ്പെടുത്താൻ തീവ്രവാദ സെൽ ലക്ഷ്യമിട്ടതായി എസ് പി എ വ്യക്തമാക്കി.

മുസ്‌ലിം ബിൻ മുഹമ്മദ് അൽ മുഹ്സിൻ എന്നയാളാണ് തീവ്രവാദ സെല്ലുമായി ചേർന്ന് പ്രവർത്തിച്ചത്. തീവ്രവാദ സെല്ലിൽ പങ്കെടുക്കുക, സുരക്ഷാ പുരുഷന്മാരെ വധിക്കുക, സുരക്ഷാ ഉദ്യോഗസ്ഥരെയും പൊതു സ്വത്തിനെയും ആക്രമിക്കുക, പൗരന്റെ കൊലപാതകത്തിൽ പങ്കാളിയാകുക, ഡ്യൂട്ടിയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതിനായി മോളോടോവ് കോക്ടെയ്ൽ ബോംബ് നിർമ്മിക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്.
അൽ മുഹ്സിൻ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്ന് സുരക്ഷാ അധികാരികൾക്ക് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നു.
രാജ്യത്തെ പ്രത്യേക അപ്പീൽ കോടതിയും സുപ്രീം കോടതിയും വധശിക്ഷ ശരിവെക്കുകയും നിയമപരമായി വിധി നടപ്പാക്കാൻ രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് കിഴക്കൻ പ്രവിശ്യയിലെ ദമാമിൽ ചൊവ്വാഴ്ച അൽ മുഹ്സിന് വധശിക്ഷ നടപ്പാക്കിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടിൽ വ്യക്തമാക്കി.
രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയയും നിലനിർത്തുമെന്നും പൗരന്മാർക്കും താമസക്കാർക്കും ഹാനികരമാകാൻ ശ്രമിക്കുന്ന എല്ലാ ദുശക്തികളെയും പരാജയപ്പെടുത്തുമെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.