നാല് വിഭാഗങ്ങളെ നേരിട്ട് കൊണ്ട് വരാൻ സഊദി സിവിൽ എവിയേഷൻ വിമാനകമ്പനികൾക്ക് നിർദേശം നൽകി

0
5005

റിയാദ്: സഊദിയിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവച്ചിട്ടുള്ള രാജ്യങ്ങളിൽ നിന്ന് നേരിട്ട് യാത്ര ചെയ്യാൻ വിദ്യാഭ്യാസ മേഖലയിലെ ഫാക്കൽറ്റി അംഗങ്ങളെയും തൊഴിലാളികളെയും അനുവദിക്കുന്നത് സംബന്ധിച്ച് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ എയർലൈനുകൾക്ക് നിർദ്ദേശം നൽകി.

യൂണിവേഴ്സിറ്റി, കോളേജുകൾ, സ്വകാര്യ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പുരുഷ -വനിതാ അധ്യാപകർ, ടെക്നിക്കൽ, വൊക്കേഷണൽ ട്രെയിനിംഗ്, ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്കുള്ള ജനറൽ ഓർഗനൈസേഷനിലെ പരിശീലന ബോഡി, സ്കോളർഷിപ്പ് വിദ്യാർത്ഥികൾ എന്നിവരും ഈ തീരുമാനത്തിൽ ഉൾപ്പെടുന്നവരാണെന്ന് സിവിൽ എവിയേഷൻ അതോറിറ്റി വിശദീകരിച്ചു. ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പുറമെ അവരുടെ ആശ്രിതർക്കും വരാം. നേരത്തെ, ഈ വിഭാങ്ങൾക്കും നേരിട്ട് അനുമതി ഉണ്ടായിരുന്നില്ല. ഇവർ മറ്റുള്ളവരെ പോലെ തന്നെ 14 ദിവസം വിലക്കില്ലാത്ത രാജ്യങ്ങളിൽ കഴിഞ്ഞ ശേഷം മാത്രമായിരുന്നു പ്രവേശനാനുമതി.

ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ഈ വിഭാഗങ്ങൾക്ക് ബാധകമാണെങ്കിലും രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കും സഊദിയിൽ നിന്ന് ഒരു ഡോസ് വാക്സിൻ എടുത്തവർക്കും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നിർബന്ധമില്ല.