കനിവ് തേടി സഊദിയിൽ നിന്നൊരു നഴ്‌സ്, രജനിയെ നാട്ടിലെത്തിക്കാൻ 20 രൂപ ചലഞ്ച്

0
7459

റിയാദ്: ജീവിത പ്രാരാബ്ദങ്ങൾക്ക് അറുതി വരുത്തുവാൻ പ്രവാസലോകത്തേക്കു ചേക്കേറിയ മലയാളി നഴ്‌സ് അതീവ ഗുരുതരാവസ്ഥയിൽ സഊദിയിൽ. പത്തനംതിട്ട കോന്നി സീതത്തോട് സ്വദേശി സൂരജിന്റെ ഭാര്യ രജനി സൂരജ് (33) ആണ് Meningoencephalitis എന്ന രോഗം ബാധിച്ചു സഊദിയിൽ ഗുരുതര അവസ്ഥയിൽ കഴിയുന്നത്. സഊദിയിലെ ഹായിലിൽ കിംഗ് ഖാലിദ് ആശുപത്രി വെന്റിലേറ്ററിൽ കഴിയുന്ന രജനിയെ നാട്ടിലെത്തിക്കാൻ ഭീമമായ തുക ആവശ്യമുള്ളതിനാൽ സഹായം തേടിയിരിക്കുകയാണിപ്പോൾ.

ഒരു മാസമായി ഐസിയുവിൽ ആയിരുന്നു. ഇതിനിടെ തലക്ക് ഓപ്പറേഷനും കഴിഞ്ഞു. എന്നാൽ, ഇപ്പോൾ ഗുരുതരാവസ്ഥയിൽ കഴിയുകയാണ് യുവതി. നാട്ടിലെത്തിച്ച് വിദഗ്‌ധ ചികിത്സ നൽകിയാൽ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ കഴിയുമെന്നാണ് ഡോക്ടർ സംഘം അറിയിച്ചത്. രജനിക്ക് എട്ടു മാസം പ്രായമായ ഒരു പിഞ്ചു കുഞ്ഞുമുണ്ട്.

നാട്ടിൽ എത്തിച്ചു വിദഗ്‌ദ്ധ ചികിത്സ നൽകി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരുവാനുള്ള ഭർത്താവ് സൂരജിന്റെ മോഹങ്ങൾക്ക് ഇന്ന് 48 ലക്ഷം രൂപയുടെ വലിപ്പമാണുള്ളത്. പ്രേത്യേക എയർ ആംബുലൻസിൽ വിമാനത്തിൽ രജനിയെ നാട്ടിൽ എത്തിക്കാൻ മാത്രം 48 ലക്ഷം രൂപ വേണമെന്നാണ് കണക്കുകൾ. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും ഭീമമായ തുക കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്നാണ് ഇരുപത് രൂപ ചലഞ്ചുമായി നാട്ടിലെ ഒരു വിഭാഗം ചെറുപ്പക്കാർ രംഗത്തെത്തിയത്. സഹായിക്കാൻ താത്പര്യമുള്ളവർക്ക് 20 രൂപ ചലഞ്ചിൽ പങ്കെടുത്ത് ഒരു കൈത്താങ്ങാകാം.