ഒന്നര പതിറ്റാണ്ടിലധികമായി കോമയിൽ കഴിയുന്ന സഊദി രാജകുമാരന്റെ പുതിയ വീഡിയോ പങ്കു വെച്ച് റീമ രാജകുമാരി

0
9146

റിയാദ്: പതിനഞ്ച് വർഷത്തിലധികമായി കട്ടിലിൽ അനക്കമില്ലാതെ കിടക്കുന്ന സഊദി രാജകുമാരന്റെ പുതിയ ചിത്രവും വീഡിയോയും പുറത്ത് വിട്ട് റീമ ബിൻത് ത്വലാൽ രാജകുമാരി. അപകടത്തെ തുടർന്ന് ഒന്നര പതിറ്റാണ്ടായി കോമയിൽ കഴിയുന്ന പ്രിൻസ് അൽ വലീദ് ബിൻ ഖാലിദ് ബിൻ ത്വലാൽ രാജകുമാരന്റെ വീഡിയോ ആണ് സഹോദരി ട്വിറ്ററിൽ പങ്ക് വെച്ചത്. ദേശീയ ദിനത്തോടനുബന്ധിച്ച് ഏകവചനം ഉല്ലേഖനം ചെയ്ത പ്രത്യേക വിരിപ്പ് പുതച്ചുറങ്ങുന്ന രാജകുമാരന്റെ വീഡിയോ ആണ് പുറത്ത് വിട്ടത്. ഈ രാജ്യം ഞങ്ങളുടെ ഹൃദയത്തിലാണ് എന്ന വാക്യം രേഖപ്പെടുത്തിയ പുതപ്പിനോപ്പം രാജകുമാരൻ കിടന്നുറങ്ങുന്ന റൂം ദേശീയ പതാകകൾ കൊണ്ട് അലങ്കരിക്കുകയും ചെയ്‌തിട്ടുണ്ട്‌.

കുറഞ്ഞ സമയത്തിനുള്ളിൽ പതിനായിരക്കണക്കിന് ആളുകളാണ് വീഡിയോ ഷെയർ ചെയ്‌തതും കണ്ടതും. രാജകുമാരൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തട്ടെയെന്ന പ്രാർത്ഥനയോടെയാണ് ഏവരും ഇത് ഷെയർ ചെയ്യുന്നത്.

മിലിട്ടറി കോളേജിൽ പഠിക്കുന്നതിനിടെയുണ്ടായ ഒരു കാറപടകത്തിലാണ് 2005 ൽ രാജകുമാരൻ്റെ ശരീരം തളര്‍ന്ന് കിടപ്പിലായത്. തലച്ചോറിൽ രക്തസ്രാവമുണ്ടായതോടെ ഇദ്ദേഹം കോമയിലാകുകയായിരുന്നു. എന്നാൽ പ്രതീക്ഷ കൈവിടാത്ത പിതാവ് മകൻ ഒരിക്കൽ സുഖം പ്രാപിക്കുമെന്നും കട്ടിലിൽ നിന്ന് എഴുന്നേൽക്കുമെന്നുമുള്ള പ്രതീക്ഷയിലാണ്. രാജ്യത്തെ ധനികനും വ്യവസായിയുമായ അൽ വലീദ് ബിൻ ത്വലാൽ അൽ സഊദിന്റെ സഹോദരനാണ് ഇദ്ദേഹം.

അപകടത്തെ തുടര്‍ന്ന് കോമയിലായ രാജകുമാരൻ 2005 മുതൽ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ജീവൻ നിലനിര്‍ത്തുന്നത്. ഇതിനിടെ കഴിഞ്ഞ വർഷം കുടുംബാംഗങ്ങളിലൊരാള്‍ കട്ടിലിനു സമീപമിരുന്നു സംസാരിക്കുന്നതിനിടെ രാജകുമാരൻ തന്‍റെ കൈവിരലുകള്‍ ചലിപ്പിക്കുന്നതിൻ്റെ വീഡിയോ പുറത്ത് വന്നിരുന്നു. കിടക്കയ്ക്ക് അരികിൽ ഇരിക്കുന്നയാള്‍ സംസാരിക്കുമ്പോള്‍ രാജകുമാരൻ തന്‍റെ വലതു കൈവിരലുകളും കൈപ്പത്തിയും കിടക്കയിൽ നിന്ന് ഉയര്‍ത്തുന്ന ദൃശ്യങ്ങലായിരുന്നു അന്ന് പുറത്ത് വന്നിരുന്നത്. രാജകുമാരൻ്റെ കുടുംബത്തിനു മുന്നിൽ ഒടുവിൽ പ്രതീക്ഷയുടെ ചലനങ്ങള്‍ ആയിരുന്നു ഇത്. അഞ്ച് വര്‍ഷം മുൻപ് 2015 ലും ഇത്തരത്തിലുള്ള ചലനങ്ങള്‍ ഉണ്ടായതായും വാർത്തകൾ ഉണ്ടായിരുന്നു.

റീമ രാജകുമാരി ട്വിറ്ററിൽ പങ്കു വെച്ച വീഡിയോ കാണാം