ഹവാന സിന്‍ഡ്രോം എന്ന ‘അജ്ഞാത രോഗം’ ഇന്ത്യയിലും; വീണ്ടും വാർത്തകളിൽ നിറഞ്ഞ് അജ്ഞാത രോഗം

0
3138

ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി ഹവാന ഹവാന സിന്‍ഡ്രോം എന്ന അജ്ഞാത രോഗം സ്ഥിരീകരിച്ചു. ഇന്ത്യന്‍ സന്ദര്‍ശനവേളയില്‍ ഹവാന സിന്‍ഡ്രോമിന്‌ സമാനമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച സിഐഎ ഉദ്യോഗസ്ഥനാണ് അടിയന്തിര ചികിത്സയ്ക്ക് വിധേയനായിരിക്കുന്നത്. സിഐഎ ഡയറക്ടര്‍ വില്യം ബേണ്‍സിന്റെ പ്രതിനിധി സംഘത്തിന്റെ ഭാഗമായിരുന്നു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍. കഴിഞ്ഞമാസം നിരവധി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് ഹവാന സിന്‍ഡ്രോമിന്‌ സമാനമായ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ വിയറ്റ്‌നാം സന്ദര്‍ശനം വൈകിയത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ഈ മാസത്തിന്റെ തുടക്കത്തില്‍ ഡല്‍ഹി സന്ദര്‍ശനവേളയില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥന് ഹവാന സിന്‍ഡ്രോം സ്ഥിരീകരിച്ചിരിക്കുന്നത്.

എന്താണ് ഹവാന സിന്‍ഡ്രോം.

2016 മുതല്‍ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരില്‍ കണ്ടെത്തുന്ന അജ്ഞാത രോഗമാണ് ഹവാന സിന്‍ഡ്രോം. ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലെ അമേരിക്കൻ നയതന്ത്ര പ്രതിനിധികളിലും എംബസിയിലെ ഏതാനും ജീവനക്കാര്‍ക്കുമാണ് ഹവാന സിന്‍ഡ്രത്തിന്‍റെ ലക്ഷണങ്ങള്‍ ആദ്യമായി കണ്ടെത്തിയത്. അമേരിക്കയിലെ ഉന്നതതലത്തില്‍ വരെ ആശങ്കക്ക് കാരണമായ ഹവാന സിൻഡ്രോം ഒരു മാസത്തിനിടെ സ്ഥിരീകരിക്കുന്നത് ഇത് രണ്ടാം തവണയാണ്. നാഡീവ്യൂഹവുമായി ബന്ധപ്പെട്ട അജ്ഞാത രോഗമാണിത്. റഷ്യ, ചൈന, ഓസ്ട്രിയ അടക്കം വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍ക്കും ചാരന്മാര്‍ക്കുമാണ് അന്ന് രോഗം ബാധിച്ചത്. ഛര്‍ദി, ക്ഷീണം, കടുത്ത തലവേദന, ഉറക്കമില്ലായ്മ, കേള്‍വിശക്തി കുറയല്‍ തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ഹവാനയില്‍ നിരവധിപ്പേര്‍ക്ക് ഒരുമിച്ച് രോഗം വന്നത് കൊണ്ടാണ് ഹവാന സിന്‍ഡ്രോം എന്ന പേര് ഈ രോഗത്തിന് ഇട്ടത്.

ഭയപ്പെടുത്തുന്ന ശബ്ദം ചെവിയിൽ തുളച്ചു കയറും 

രോഗ ലക്ഷണങ്ങള്‍ തുടങ്ങുന്നതിനു മുമ്പ് അതിതീവ്രതയിലുള്ള ശബ്ദം ചെവിയിൽ തുളച്ചുകയറുന്നതായി അനുഭവപ്പെട്ടെന്ന് ക്യൂബന്‍ എംബസിയിലെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ലക്ഷക്കണക്കിനു ചീവീടുകള്‍ ഒരേസമയം കരയുന്നതു പോലയുള്ള ശബ്ദമായിരുന്നു അത്. ഒരു വിന്‍ഡോ ഗ്ലാസ് പകുതി തുറന്ന കാറില്‍ അതിവേഗത്തില്‍ പോകുമ്പോള്‍ അനുഭവിക്കുന്നതു പോലെയുള്ള സമ്മര്‍ദവും ഉണ്ടായതായി അവർ സാക്ഷ്യപ്പെടുത്തി. ചില ഉദ്യോഗസ്ഥർ പെട്ടന്ന് രോഗമുക്തി നേടി. എന്നാല്‍ ചിലര്‍ക്ക് ബുദ്ധിമുട്ടുകൾ ഏറെനാളായി നീണ്ടുനിന്നു. രോഗലക്ഷണങ്ങള്‍ വിട്ടുപോകാതെയായതോടെ ജോലിയിൽ നിന്ന് വിരമിച്ചവരുമുണ്ട്.

2016 മുതല്‍ 200 ഓളം അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഹവാന സിന്‍ഡ്രോമിന്‌ സമാനമായ രോഗലക്ഷണങ്ങള്‍ പ്രകടമായതായാണ് റിപ്പോര്‍ട്ടുകള്‍. ചിലര്‍ക്ക് മാസങ്ങളോളമാണ് തലകറക്കവും ക്ഷീണവും അനുഭവപ്പെട്ടത്. ഇതുവരെ ഹവാന സിന്‍ഡ്രോമിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചിട്ടില്ല. ഇതുവരെ മുന്നൂറിലധികം ഉദ്യോഗസ്ഥരില്‍ രോഗം സ്ഥിരീകരിച്ചതില്‍ ഭൂരിഭാഗം പേരും സിഐഎ ഉദ്യോഗസ്ഥരാണ്.

പിന്നിൽ റഷ്യൻ ഏജൻസികളാണെന്നും ആരോപണം 

2020 ൽ നാഷനൽ അക്കാദമി ഓഫ് സയൻസസ് രോഗം സംബന്ധിച്ച് ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരു. മൈക്രോവേവ് വികിരണമാണ് ഹവാന സിൻഡ്രോമിന്‍റെ കാരണമെന്നായിരുന്നു റിപ്പോർട്ട്. വൈദ്യശാസ്ത്രത്തിലും മറ്റ് മേഖലകളിലുമുള്ള 19 വിദഗ്ധരുടെ സമിതി 40 ഓളം അമേരിക്കൻ ഉദ്യോഗസ്ഥരുടെ ലക്ഷണങ്ങൾ പരിശോധിച്ചാണ് നിഗമനത്തിൽ എത്തിയത്. നേരത്തെ ക്യൂബ നടത്തിയ ആക്രമണമെന്ന നിലക്കാണ് രോഗത്തിന് ഹവാന സിൻഡ്രം എന്നു പേരുവന്നിരുന്നത്. ഇത്തവണ പക്ഷേ, ക്യൂബയെ മുനയിൽനിർത്തുന്നതിന് പകരം റഷ്യക്കെതിരെയാണ് ആരോപണം.

ശത്രുരാജ്യങ്ങൾ പദ്ധതിയിട്ട് തയാറാക്കി നടപ്പാക്കുന്ന രഹസ്യ ആക്രമണമാണ് ഹവാന സിൻഡ്രമെന്ന് അമേരിക്ക കരുതുന്നു. സോണാർ, ലേസർ അല്ലെങ്കിൽ മൈക്രോവേവ് രൂപത്തിലുള്ള ഊർജ്ജ ആയുധങ്ങളാണ് ഇവയെന്നാണ് വിശ്വസിക്കപ്പെടുന്നത്.

റഷ്യക്കെതിരായ പ്രവർത്തനങ്ങൾക്കായി വിദേശ രാജ്യങ്ങളിലെത്തുന്നു ഉദ്യോഗസ്ഥരില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് റഷ്യന്‍ ഗൂഢാലോചനയാണ് പിന്നിലെന്ന് സംശയം ശക്തമായത്. റഷ്യക്ക് മാത്രമേ ഇത്തരത്തിൽ ഒരു ആയുധം ഉപയോഗിച്ച് തങ്ങളെ ആക്രമിക്കാൻ സാധിക്കുകയുള്ളൂവെന്നാണ് അമേരിക്ക കരുതുന്നത്. അടുത്ത കാലത്തായി ചൈനയുടെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്.