റിയാദ്: സഊദി അറേബ്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും തവക്കല്‍നാ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് എല്ലാ വിമാനകമ്പനികളോടും നിർദേശം നൽകി സഊദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍. പുറപ്പെടുന്ന വിമാനത്താവളത്തില്‍ കൃത്യമായ പരിശോധനക്ക് ശേഷമേ യാത്രക്കാരെ ബോര്‍ഡ് ചെയ്യാവൂ എന്നാണ് വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം. നേരത്തെ തന്നെ ഇക്കാര്യം വിമാനകമ്പനികളെ അറിയിച്ചിരുന്നെങ്കിലും ഇക്കാര്യങ്ങൾ ഉറപ്പ് വരുത്തണമെന്നാണ് ഇപ്പോൾ ആവശ്യപ്പെട്ടത്.
നിലവിൽ ഇക്കാര്യങ്ങൾ പാലിച്ചാണ് യാത്രക്കാർ എത്തുന്നതെങ്കിലും ചിലർ ഇത് ശ്രദ്ധിക്കാതെ എത്തുന്നുവെന്ന് കണ്ടതിനെ തുടർന്നാണ് ഏവിയേഷന്‍ അതോറിറ്റി നിര്‍ദേശം ആവർത്തിച്ചത്. തവക്കല്‍നാ ഡൗണ്‍ലോഡ് ചെയ്യണമെന്നും സഊദിയിലെത്തി എട്ട് മണിക്കൂറിനുള്ളില്‍ അതില്‍ രജിസ്റ്റര്‍ ചെയ്യണമെന്നത് യാത്രക്കാരെ ബോധ്യപ്പെടുത്തണമെന്നും നിർദേശത്തിൽ വ്യക്തമാക്കി.
സഊദിയിലേക്കുള്ള ബോര്‍ഡിംഗ് പാസ് നല്‍കുന്നതിന് മുമ്പ് യാത്രക്കാരുടെ വാക്‌സിനേഷന്‍ സ്റ്റാറ്റസ് എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. ഇതിനായി തവക്കല്‍ന, അറൈവൽ രജിസ്ട്രേഷൻ എന്നിവയിലേതെങ്കിലുമൊന്നിലെ സ്റ്റാറ്റസ് പരിശോധിക്കാം. കൂടാതെ, ആരോഗ്യമാനദണ്ഡങ്ങള്‍ പാലിക്കുമെന്ന ഫോം യാത്രക്കാര്‍ പൂരിപ്പിച്ചു നൽകണം, സഊദിയിൽ പ്രവേശിച്ച് എട്ട് മണിക്കൂറിനുള്ളില്‍ തവക്കല്‍നയില്‍ രജിസ്റ്റര്‍ ചെയ്യുമെന്നും ആരോഗ്യമാനദണ്ഡങ്ങള്‍ പാലിക്കുമെന്നും ആവശ്യമെങ്കില്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശിക്കുന്ന ടെസ്റ്റുകള്‍ നടത്തുമെന്നുമുള്ള സത്യവാങ്മൂലം നൽകണമെന്നും നിർദേശങ്ങളിൽ വ്യക്തമാക്കി.