റിയാദ്: അബഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി യമനിൽ നിന്ന് വീണ്ടും ആക്രമണം. ഇറാന്റെ പിന്തുണയുള്ള ഹൂതി സായുധസേനയാണ് എയർപോർട്ട് ലക്ഷ്യമാക്കി സായുധ ഡ്രോൺ അയച്ചത്. എന്നാൽ, ഹൂതികളുടെ ലക്ഷ്യം കാണും മുമ്പ് തന്നെ അവ തകർത്തെന്ന് സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന ബുധനാഴ്ച പറഞ്ഞു. അബഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ടായിരുന്നു വിമാനം.
നേരത്തെയും അബഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി മിസൈലുകളും ആയുധ ഡ്രോണുകളും ഹൂതികൾ അയച്ചിരുന്നു. രണ്ടാഴ്ച മുമ്പ് നടന്ന ആക്രമണത്തിൽ ഇന്ത്യക്കാർ ഉൾപ്പെടെ ഏതാനും ചിലർക്ക് പരിക്കേൽക്കുകയും വിമാനത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.
സിവിലിയന്മാരെ ലക്ഷ്യമിട്ട് ഹൂതികൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ കടുത്ത ലംഘനങ്ങൾ നടത്തുകയാണ്. സിവിലിയന്മാരെയും സിവിലിയൻ സ്ഥലങ്ങളെയും ശത്രുതാപരമായ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള താങ്ങാളുടെ ബാധ്യത നിറവേറ്റുമെന്നും സഖ്യ സേന അറിയിച്ചു.