ജെറ്റ് എയർവേയ്‌സ് വീണ്ടും വരുന്നു, കന്നി സർവ്വീസ് ദില്ലി- മുംബൈ റൂട്ടില്‍, അന്താരാഷ്ട്ര സർവ്വീസും ഉടൻ

കമ്പനി പുനരുജ്ജീവന പദ്ധതി പ്രഖ്യാപിച്ചു

0
3165

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടച്ചു പൂട്ടിയ ജെറ്റ് എയർവേയ്‌സ് വിമാന സർവ്വീസ് വീണ്ടും പുനഃരാരംഭിക്കുന്നു. കമ്പനിയെ ഏറ്റെടുത്ത കാല്‍റോക്ക് ക്യാപിറ്റല്‍-മുരാരി ലാല്‍ ജലാന്‍ കണ്‍സോര്‍ഷ്യം അവരുടെ പ്രവർത്തന പദ്ധതികൾ വ്യക്തമാക്കി. അടുത്ത വര്‍ഷം ആദ്യം വീണ്ടും സര്‍‌വീസ് ആരംഭിക്കുന്ന ജെറ്റ് എയര്‍വേസിന്റെ ആദ്യ പറക്കല്‍ ദില്ലി- മുംബൈ റൂട്ടിലായിരിക്കും. തുടർന്ന് അടുത്ത വർഷം തന്നെ ഓഗസ്റ്റ് പകുതിയോടെ വിദേശ സര്‍വീസുകളും ആരംഭിക്കാനാണ് പദ്ധതി.

ജെറ്റ് എയര്‍വേസിന്റെ ആസ്ഥാനം ദില്ലിയായിരിക്കും. സര്‍വീസ് ആരംഭിച്ച്‌ മൂന്ന് വര്‍ഷത്തിനുളളില്‍ 50 വിമാനങ്ങളും അഞ്ച് വര്‍ഷത്തിനകം മൊത്തം ശേഷി 100 വിമാനങ്ങളിലേക്കും ഉയര്‍ത്താനാണ് കണ്‍സോര്‍ഷ്യത്തിന്റെ പദ്ധതി.

2019 ഏപ്രിലിലാണ് ക‌ടബാധ്യത മൂലം ജെറ്റ് എയര്‍വേസ് വിമാനക്കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. പിന്നീട് ഏറെ ചർച്ചകൾക്ക് ശേഷം ഈ വര്‍ഷം യുകെ ആസ്ഥാനമായ കാല്‍റോക്ക് ക്യാപിറ്റലും യുഎഇ വ്യവസായിയായ മുരാരി ലാല്‍ ജലാനും ചേര്‍ന്ന കണ്‍സോര്‍ഷ്യം വിമാനക്കമ്പനിയെ ഏറ്റെടുക്കുകയായിരുന്നു.

ഇവര്‍ സംയുക്തമായി സമര്‍പ്പിച്ച ജെറ്റ് എയര്‍വേസ് പുനരുജ്ജീവന പദ്ധതിക്ക് ദേശീയ കമ്പനി ലോ ട്രൈബ്യൂണല്‍ (എന്‍സിഎല്‍ടി) അംഗീകാരം നല്‍കിയതോടെയാണ് ജെറ്റ് എയര്‍വേസിന് സര്‍വീസ് പുന:രാരംഭിക്കാന്‍ വഴിയൊരുങ്ങിയത്.