ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സഊദി കിരീടാവകാശിയുടെ വക 10 മില്യൺ റിയാൽ

0
1850

റിയാദ്: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള സഊദിയുടെ ദേശീയ പ്ലാറ്റ്‌ഫോമായ “ഇഹ്‌സാൻ” ലേക്ക് കിരീടവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ 10 മില്യൺ റിയാൽ സംഭാവന ചെയ്തു. കിരീടാവകാശിയുടെ സംഭാവനയോടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി എഹ്‌സാൻ പ്ലാറ്റ്‌ഫോമിലൂടെ ഒരു ബില്യൺ റിയാലിന് മുകളിൽ സമാഹരിച്ചതായി സൗദി പ്രസ് ഏജൻസി ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. വിശുദ്ധ റമദാനിൽ നൽകിയ പത്ത് ലക്ഷം റിയാലിന് പുറമെയാണ് അദ്ദേഹം വീണ്ടും ധനസഹായം നൽകി മാതൃക സൃഷ്ടിച്ചത്. ഇതോടെ ഇഹ്‌സാൻ പ്ലാറ്റ് ഫോം വഴി വിതരണം ചെയ്യുന്ന ഫണ്ട് 100 കോടി കവിഞ്ഞു. ലോക രാഷ്ട്രങ്ങൾക്കിടയിൽ തന്നെ അതുല്യമായ പുണ്യപ്രവർത്തിയാണിത്.


രണ്ട് വർഷം മുമ്പ് ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദേശപ്രകാരം രൂപീകരിച്ച ഇഹ്‌സാൻ പ്ലാറ്റ്‌ഫോമിൽ 20 ലക്ഷം ഉപയോക്താക്കളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സഊദി ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (സദായ) ആണ് ഇഹ്‌സാൻ പ്ലാറ്റ്‌ഫോമിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
ഇഹ്‌സാൻ വഴിയുള്ള വ്യത്യസ്ത പദ്ധതികൾക്ക് അകമഴിഞ്ഞ് സഹായിച്ച കിരീടാവകാശിക്ക് ‘സദായ’ പ്രസിഡന്റ് ഡോ: അബ്ദുല്ല ബിൻ ശറഫ് അൽഗാംദി കൃതജ്ഞത രേഖപ്പെടുത്തി.