റിയാദ്: സഊദിയിലേക്ക് ബഹ്‌റൈൻ വഴിയുള്ള പ്രവേശനത്തിന് വഴി തുറന്നതോടെ സഊദിയിലേക്കുള്ള പ്രധാന യാത്രാ കേന്ദ്രമായി ബഹ്‌റൈൻ മാറും. നിലവിൽ മറ്റു രാജ്യങ്ങളെക്കാളൊക്കെ വളരെ സുഖമമായി തന്നെ ബഹ്‌റൈനിൽ എത്തി അവിടെ സഊദി പ്രവേശനത്തിന് ആവശ്യമായ ക്വാറന്റൈൻ കഴിഞ്ഞ ശേഷം വളരെ എളുപ്പത്തിൽ സഊദിയിലേക്ക് പ്രവേശിക്കാൻ സാധിക്കുമെന്നതും ചിലവ് വളരെ കുറവാണെന്നതും പ്രവാസികളെ ബഹ്‌റൈൻ വഴി സഊദി പ്രവേശനത്തിന് പ്രേരിപ്പിക്കുന്നുണ്ട്. നേരത്തെ തന്നെ ബഹ്‌റൈനിലേക്കുള്ള വിസ നേടിയ ശേഷം എത്തുന്നവർക്ക് പിന്നെ കൂടുതൽ പ്രശ്നങ്ങൾ ഇല്ലാതെ തന്നെ യാത്ര ക്രമീകരിക്കാമെന്നതും ആശ്വാസമാണ്. ഇതിനകം തന്നെ സഊദിയിലേക്കുള്ള നിരവധി കുടുംബങ്ങളും ഇത് വഴിയുള്ള യാത്ര ക്രമീകരിച്ചിട്ടുണ്ട്. ബഹ്‌റൈൻ ഇ വിസ അനുവദിച്ച് തുടങ്ങിയതോടെ ആകർഷകമായ പാക്കേജുകളുമായി പല ട്രാവൽ ഏജൻസികളും രംഗത്തെത്തിയിട്ടുണ്ട്.
സഊദിയിലേക്കുള്ളവർ ബഹ്റൈനിൽ 14 ദിവസം ക്വാറൻറീനിൽ കഴിഞ്ഞ ശേഷമാണ് സഊദിയിലേക്ക് പോകേണ്ടത്. ഇവർ ബഹ്‌റൈനിൽ എത്തിയാൽ ഇവിടെ 10 ദിവസത്തെ നിർബന്ധിത ക്വാറൻറീനിൽ കഴിയണം. നാഷണൽ ഹെൽത് റഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) അഗീകാരമുള്ള ഹോട്ടലിലാകണം ക്വറൻറീൻ. നേരത്തെ ഏതെങ്കിലും താമസ സ്ഥലത്ത് 14 ദിവസം ക്വാറൻറീനിൽ കഴിഞ്ഞാൽ മതിയായിരുന്നു. എന്നാൽ, പുതിയ മാനദണ്ഡപ്രകാരം നാഷണൽ ഹെൽത് റഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) അഗീകാരമുള്ള ഹോട്ടലിൽ തന്നെയാകണം ക്വാറന്റീൻ.
ഇവിടെ 14 ദിവസം കഴിഞ്ഞവർക്ക് കോസ്‌വേ വഴി സഊദിയിലേക്ക് പ്രവേശിക്കാനാകും. എന്നാൽ, ഇത്തരത്തിൽ കോസ്‌വേ വഴി പ്രവേശിക്കുന്നവർ സഊദി അംഗീകരിച്ച വാക്സിൻ സ്വീകരിച്ചവരായിരിക്കണം. മറ്റുള്ളവർ വിമാന മാർഗം തന്നെ സഊദിയിലേക്ക് പ്രവേശിക്കണം. സഊദിയിൽ എത്തിയാൽ വാക്സിൻ എടുത്തവർക്ക് നേരെ വീടുകളിലേക്ക് പോകാം. കുടുംബത്തോടൊപ്പം വരുന്ന കുട്ടികൾക്ക് വാക്സിൻ എടുത്ത രക്ഷിതാക്കൾക്കൊപ്പമാണ് വരുന്നതെങ്കിൽ മുഖീമിൽ രജിസ്റ്റർ ചെയ്യേണ്ട കാര്യമില്ല. ഇവർക്ക് വാക്സിൻ സ്വീകരിച്ച രക്ഷിതാവിൻറ കൂടെ കോസ്‌വേ വഴിയും പ്രവേശിക്കാം. രക്ഷിതാവ് വാക്സിൻ സ്വീകരിച്ചിട്ടില്ലെങ്കിൽ ഇവരും വിമാന മാർഗം പോകണം.
ബഹ്‌റൈന് പുറമെ ഒമാൻ വഴിയും സഊദിയിലേക്ക് ട്രാവൽ ഏജൻസികൾ മിതമായ നിരക്കിൽ യാത്രാ പാക്കേജുകൾ ഒരുക്കുന്നുണ്ട്. നിലവിൽ ഏറ്റവും കൂടുതൽ സഊദി യാത്രക്കാർ തിരഞ്ഞെടുക്കുന്നത് ഖത്തറും മാലിദ്വീപുമാണ്. കൂടാതെ, ശ്രീലങ്ക, സെർബിയ, താൻസാനിയ എന്നീ രാജ്യങ്ങൾ വഴിയും സഊദിയിലേക്ക് പാക്കേജുകൾ ഉണ്ട്.