റിയാദ്: സഊദിയിൽ ഏതാനും ചില വിഭാഗത്തിന് മൂന്നാം ഡോസ് വാക്സിൻ പ്രഖ്യാപിച്ചു. സഊദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലിയാണ് ഇക്കാര്യം അറിയിച്ചത്. റിയാദിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ വിഷയത്തിൽ ഏറ്റവും ആവശ്യമുള്ള ചില വിഭാഗങ്ങൾക്കാണ് ബൂസ്റ്റർ ഡോസ് ആയി മൂന്നാം ഡോസ് നൽകുകയെന്ന് അദ്ദേഹം പറഞ്ഞു.
രോഗപ്രതിരോധ പ്രതികരണത്തിൽ ശോഷണം നേരിടുന്നവർ, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ, വിട്ടുമാറാത്ത വൃക്കസംബന്ധമായ തകരാറുകൾ അനുഭവിക്കുന്നവർ, തുടർച്ചയായ ഡയാലിസിസിന് വിധേയരാകുന്നവർ എന്നിവർക്കെല്ലാം പ്രതിരോധ കുത്തിവയ്പ്പിന് ശേഷം മൂന്നാമത്തെ ബൂസ്റ്റർ ഡോസ് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
വാക്സിനുകൾക്കുള്ള പ്രോട്ടോക്കോളുകളിൽ ഇവ രാജ്യത്തെ പ്രത്യേക സമിതികൾ പരിഗണിച്ചിട്ടുണ്ട്. രണ്ട് ഡോസുകൾ ഉപയോഗിച്ച് വാക്സിനേഷൻ കഴിഞ്ഞ മറ്റ് ഗ്രൂപ്പുകൾക്ക് മൂന്നാമത്തെ ഡോസ് എത്രത്തോളം ആവശ്യമാണെന്ന് പഠനങ്ങൾ ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.