കോഴിക്കോട്: നിപ ബാധിച്ച് ചികിത്സയിലായിരുന്ന 12 വയസ്സുകാരന്‍ മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മസ്തിഷ്കജ്വരവും ഛർദിയും ബാധിച്ചാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒന്നാം തിയ്യതിയായിരുന്നു ഇത്.
പനിയും മസ്തിഷ്തജ്വരവും ഛര്‍ദിയുമുണ്ടായിരുന്നതിനാലാണ് പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സ്രവം പരിശോധനയ്ക്ക് അയച്ചത്. തുടര്‍ന്നാണ് നിപയാണെന്ന് സ്ഥിരീകരിച്ചത്. കുട്ടി വെന്‍റിലേറ്ററില്‍ ചികിത്സയിലായിരുന്നു.
രണ്ടു സാംപിളുകളുടെ പരിശോധനാഫലം കൂടി വരാനുണ്ട്. പ്രത്യേക മെഡിക്കല്‍ സംഘവും കേന്ദ്രസംഘവും കോഴിക്കോട്ട് എത്തുമെന്നാണു റിപ്പോര്‍ട്ട്. കുട്ടിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. കൂടുതല്‍ പേരെ ഐസലേഷനിലേക്ക് മാറ്റേണ്ടി വരുമെന്നാണ് സൂചന. അടിയന്തര സാഹചര്യം നേരിടാന്‍ രാവിലെ 10നു കോഴിക്കോട് ഗസ്റ്റ് ഹൗസിലും ഉച്ചയ്ക്ക് 12ന് കലക്ടറേറ്റിലും ആരോഗ്യ വകുപ്പ് യോഗം ചേരും. കണ്‍ട്രോള്‍ റൂം തുറക്കും. ഉച്ചയ്ക്ക് 12ന് നടക്കുന്ന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് പങ്കെടുക്കും.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി. കൂടുതൽ വിശദമായ സമ്പർക്ക പട്ടിക തയാറാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിലാണ് സമ്പർക്ക പട്ടിക തയാറാക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു കോക്കോട് മെഡിക്കൽ കോളജിൽ നിപ ചികിത്സക്കുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. കുട്ടിയുടെ രോഗം ഉറവിടം കണ്ടത്തേണ്ടതുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.