സഊദിയിൽ പതിനൊന്ന് വർഷം മൂർഖനോടൊപ്പം ജീവിതം, ഒടുവിൽ ഇതേ പാമ്പിന്റെ കടിയേറ്റ് വിദേശിക്ക് ദാരുണ മരണം

0
6834

റിയാദ്: പതിനൊന്ന് വർഷമായി വളർത്തിയിരുന്ന മൂർഖൻ ഒടുവിൽ കാലനായി. സഊദിയിലെ അസീറിൽ ആണ് മൂർഖൻ പാമ്പിനോടൊപ്പം കഴിഞ്ഞിരുന്ന സുഡാനി യുവാവ് അവസാനം മൂർഖൻ്റെ തന്നെ കടി കൊണ്ട് മരണപ്പെട്ടത്. അസീറിൽ പാർക്കുകളിൽ പാമ്പുമായി ഷോകൾ നടത്തിയിരുന്ന 30 കാരനായ യുവാവാണ് താൻ വളർത്തിയ പാമ്പ് കടിയേറ്റ് വിഷമേറ്റ് മരണപ്പെട്ടത്.

പാമ്പു മൊത്തുള്ള ഷോയും തൻ്റെ ജോലിയും കഴിഞ്ഞെത്തുന്ന ഇദ്ദേഹം തന്റെ റൂമിൽ പാമ്പിനെ സ്വതന്ത്രമായി സഞ്ചരിക്കാനും അനുവദിച്ചിരുന്നു. പ്രത്യകമായി അടച്ചിടാതെ റൂമിൽ തുറന്നു വിടുകയാണ് ചെയ്തിരുന്നത്. പാമ്പുമായുള്ള യുവാവിൻ്റെ ബന്ധം സോഷ്യൽ മീഡിയകളിലും മറ്റും വളരെ പ്രസിദ്ധമായിരുന്നു. സോഷ്യൽ മീഡിയയിൽ തന്റെ അനുയായികൾക്ക് മുന്നിൽ മൂർഖനെ കാണിക്കാനും ലാളിക്കാനും സ്നേഹവും അഭിനിവേശവും പ്രകടിപ്പിക്കാനും ഇദ്ദേഹം അഗ്രഗണ്യൻ ആയിരുന്നു,

എന്നാൽ, ഒടുവിൽ മൂർഖന്റെ മാരകമായ കടിയെ തുടർന്ന് ശരീരത്തിൽ വിഷം പടർന്നതിനെ തുടർന്ന് സുഹൃത്തുക്കളുടെ സഹായം തേടുകയായിരുന്നു. സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി മരിച്ച യുവാവിന്റെ മൃതദേഹം ഇപ്പോഴും മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.