സഊദിയിൽ യാത്രാ നിയമങ്ങൾ ലംഘിക്കുന്നവർക്ക് ഇനി 5 വർഷ യാത്രാ വിലക്കും ഒരു ലക്ഷം റിയാൽ പിഴയും

0
2062

റിയാദ്: സഊദിയിൽ യാത്രാ ഡോക്യുമെന്റ് നിയമം ലംഘിക്കുന്നവർക്കുള്ള പിഴകൾ ഇരട്ടിയാക്കി. വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഉക്കാദ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മന്ത്രി സഭ അടുത്തിടെ അംഗീകരിച്ച ട്രാവൽ ഡോക്യുമെന്റ് നിയമത്തിലെ ഭേദഗതികൾ അനുസരിച്ച്, യാത്രാ രേഖകൾ അവഗണിക്കുന്നതിനുള്ള പിഴ 5,000 റിയാലിൽ നിന്ന് 100,000 ആയും യാത്രാ നിരോധന കാലയളവ് മൂന്ന് വർഷത്തിൽ നിന്ന് അഞ്ച് വർഷമായുമയാണ് ഉയർത്തിയത്.

പാസ്‌പോർട്ടുകളിലോ ലൈസെസ്-പാസ്സർ ടിക്കറ്റുകളിലോ വിവരങ്ങൾ ചേർക്കൽ, ഇല്ലാതാക്കൽ അല്ലെങ്കിൽ മാറ്റം വരുത്തൽ, പാസ്‌പോർട്ടും മറ്റ് യാത്രാ രേഖകളും മനപ്പൂർവ്വം നശിപ്പിക്കുകയോ വളച്ചൊടിക്കുകയോ അല്ലെങ്കിൽ ഫോട്ടോ മാറ്റൽ ഉൾപ്പെടെയുള്ള വ്യക്തിപരമായ കാര്യങ്ങളിൽ മാറ്റങ്ങൾ വരുത്തുകയോ ചെയ്യുന്നതും പുതിയ പിഴകളിൽ ഉൾപ്പെടും. പാസ്‌പോർട്ട് അല്ലെങ്കിൽ ലൈസസ്-പാസ്സർ ടിക്കറ്റ് നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്ന അശ്രദ്ധയും നിയമവിരുദ്ധമായി പാസ്‌പോർട്ട് ഉപയോഗിക്കുന്നതിന് മനപ്പൂർവ്വം കൈമാറ്റം നടത്തുന്നതും വിൽക്കുന്നതും ഇതിനായി മറ്റുള്ളവരുമായി സഹകരിക്കുന്നതും നിയമലംഘനത്തിൽ ഉൾപെടും. ഇതോടൊപ്പം, ഒരു മൂന്നാം കക്ഷിയിൽ നിന്നുള്ള പാസ്‌പോർട്ട് അല്ലെങ്കിൽ ലൈസസ്-പാസ്സർ ടിക്കറ്റ് ഉപയോഗിക്കാൻ ശ്രമിക്കുന്നവർക്കും, യാത്രാ രേഖയില്ലാതെ രാജ്യം വിടുകയോ അല്ലെങ്കിൽ പ്രവേശിക്കുകയോ ചെയ്താലും ഇതേ ശിക്ഷ തന്നെ ഈടാക്കും.

ഭേദഗതി ചെയ്ത യാത്രാ നിയമം അനുസരിച്ച്, യാത്ര അനുവദനീയമല്ലാത്ത രാജ്യങ്ങളെ ആഭ്യന്തര മന്ത്രി നിർണ്ണയിക്കും. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടുകൾക്ക് (ജവാസാത്ത്) കീഴിലുള്ള വകുപ്പുകൾ നിയമലംഘകർക്കെതിരെ ഉചിതമായ നടപടി എടുക്കും. ട്രാവൽ ഡോക്യുമെന്റ് നിയമം അല്ലെങ്കിൽ അതിന്റെ എക്സിക്യൂട്ടീവ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് മുമ്പത്തെ എല്ലാ പിഴകളും ഈ നിയമത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്.