യു എ ഇ യിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരണപ്പെട്ടു

0
2943

അബുദാബി: യു എ ഇ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരണപ്പെട്ടു. കോഴിക്കോട് സ്വദേശികളാണ് മരണപ്പെട്ടത്. ദിബ്ബ മോഡേണ്‍ ബേക്കറിയിലെ ജീവനക്കാരായ കോഴിക്കോട് പുതിയങ്ങാടി സ്വദേശി നജ്മ മന്‍സിലില്‍ ഫിറോസ് പള്ളിക്കണ്ടി (46), കോഴിക്കോട് തട്ടോലിക്കര സ്വദേശി കലിയത്ത് ശിവദാസ് (48) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി 10.30 ന് റാക് 611 ബൈപ്പാസിലാണ് അപകടം ഉണ്ടായത്. ദിബ്ബയില്‍ നിന്ന് ഷാര്‍ജയിലെ താമസ സ്ഥലത്തേക്കുള്ള യാത്രാ മധ്യേ ഇവർ സഞ്ചരിച്ച വാൻ ട്രെയിലറിൻറ പിന്നിലിടിച്ചാണ് അപകടം. ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഫിറോസായിരുന്നു വാഹനം ഓടിച്ചിരുന്നത്.

എട്ട് മാസം മുൻപാണ് ശിവദാസ് ബേക്കറിയില്‍ ഷെഫ് ആയി ജോലിയില്‍ പ്രവേശിച്ചത്. ഒരു വര്‍ഷത്തിലേറെയായി ഫിറോസ് ഇവിടെ ജോലി ചെയ്യുന്നു.

ഇമ്പിച്ചമ്മു പള്ളിക്കണ്ടി – സൈനബ് ദമ്പതികളുടെ മകനാണ് ഫിറോസ്. ഭാര്യ: സറീന. മാധവന്‍ – വിമല ദമ്പതികളുടെ മകനാണ് ശിവദാസ്. ഭാര്യ: കോമളവല്ലി (രാജി). മക്കള്‍: ഗോപിക, കീര്‍ത്തന.

റാക് ഉബൈദുല്ലാഹ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ നാട്ടിലത്തെിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയായിരുന്നു.