സഊദിയിൽ സ്‌കൂളുകളിൽ മൊബൈൽ ഫോൺ നിരോധിച്ചു

0
1432

റിയാദ്: സ്കൂളുകളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിദ്യാഭ്യാസ മന്ത്രാലയം വിലക്കി. വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നേരത്തെ അനുമതി നൽകിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാഭാസ മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയതായി ഔദ്യോഗികമായി പ്രസ്താവന ഇറക്കിയത്. വിദ്യാർഥികളുടെ തവക്കൽന സ്റ്റാറ്റസ് “തവക്കൽന വെബിൽ” പരിശോധിക്കണമെന്നും പുതിയ വിദ്യാർത്ഥികൾ ചേരുമ്പോൾ അവരുടെ തവക്കൽന സ്റ്റാറ്റസ് പ്രിന്റ് കയ്യിൽ കരുതണമെന്നും മന്ത്രാലയം സൂചിപ്പിച്ചു.

അതേസമയം, നിർബന്ധിത ഘട്ടങ്ങളിൽ സ്കൂൾ അഡ്മിനിസ്റ്റർക്ക് ചില ഇളവുകൾ നൽകാമെങ്കിലും ഇത് അഡ്മിനിസ്ട്രെട്ടറുടെ കസ്റ്റഡിയിൽ ആയിരിക്കണം സൂക്ഷിക്കേണ്ടത്. സ്കൂളുകളിലും വിദ്യാഭ്യാസ സൗകര്യങ്ങളിലും ചിത്രീകരണം നിയമ ലംഘനം ആണെന്നിരിക്കെ പൂർണ്ണമായും തടയുന്നതിന് എല്ലാ വിദ്യാഭ്യാസ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും മന്ത്രാലയം മുന്നറിയിപ്പ് നൽകി. പബ്ലിക് പ്രോസിക്യൂഷൻ പുറപ്പെടുവിച്ച നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും പാലിക്കാൻ എല്ലാവരോടും മന്ത്രാലയം ആഹ്വാനം ചെയ്തു.

സ്വകാര്യതയ്ക്ക് ഹാനികരമാകുകയോ മറ്റുള്ളവരുടെ അന്തസ്സിന് കോട്ടം വരുത്തുകയോ ചെയ്യുന്ന രൂപത്തിൽ മൊബൈൽ ഫോൺ ദുരുപയോഗം ചെയ്യുന്നവർക്ക് പരമാവധി ഒരു വർഷത്തെ തടവും 500,000 റിയാൽ പിഴയും ഉൾപ്പെടെയുള്ള പിഴ ചുമത്തുമെന്ന് നേരത്തെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയിരുന്നു.