ദമാം-തിരുവനന്തപുരം എയർ ഇന്ത്യ എക്‌സ്പ്രസ്സ് യാത്ര അനന്തമായി നീളുന്നു, ദമാം വിമാനത്താവളത്തിൽ യാത്രക്കാർ ദുരിതത്തിൽ

0
3071

ദമാം: കിഴക്കൻ സഊദിയിലെ ദമാം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാന സർവ്വീസ് അനന്തമായി നീളുന്നു. രാവിലെ പത്തരക്ക് പുറപ്പെടേണ്ട വിമാനം മണിക്കൂറുകൾ പിന്നിട്ടിട്ടും യാത്ര എപ്പോൾ തുടരാനാകുമെന്നോ മറ്റോ ഉള്ള അറിയിപ്പുകൾ നൽകാൻ വരെ വിമാന അധികൃതർക്ക് കഴിഞ്ഞിട്ടില്ല. മണിക്കൂറുകളായി യാത്രക്കാർ ദമാം വിമാനത്താവളത്തിൽ കഴിയുകയാണ്.

ഇന്ന് രാവിലെ പത്തരക്ക് ദമാമിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട വിമാനമാണ് ഇത് വരെയായിട്ട് യാത്ര തിരിക്കാതെ യാത്രക്കാർ ദുരിതത്തിൽ കഴിയുന്നത്. പത്ത് മണിയോടെ വിമാനത്തിൽ യാത്രക്കാരെ കയറ്റി, മൂന്ന് മണിക്കൂർ വിമാനത്തിൽ ഇരുത്തിയ ശേഷം ഇവരെ വിമാനത്താവളത്തിലേക്ക് തന്നെ തിരിച്ചിറക്കുകയായിരുന്നു. പിന്നീട് പലപ്പോഴായി യാത്രാ സമയം മാറ്റി പറഞ്ഞെങ്കിലും വൈകീട്ട് നാല് മണിയായിട്ടും യാത്ര തിരിക്കുവാനോ എപ്പോൾ പോകുമെന്ന കൃത്യമായ മറുപടി പറയാനോ എക്സ്പ്രസ്സ് അധികൃതർ തയ്യാറായിട്ടില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു.

നാട്ടിലേക്ക് പോകാനായി കിഴക്കൻ സഊദിയിലെ അതിവിദൂര ദിക്കുകളിൽ നിന്ന് എത്തിയവരാണ് ഏറ്റവും ദുരിതത്തിലായത്. മണിക്കൂറുകൾ നീളുന്ന യാത്രക്ക് ശേഷം രാവിലെ ആറു മണിക്ക് മുമ്പായി വിമാനത്താവളത്തിൽ എത്തിയവരും ഇവരുടെ കൂട്ടത്തിലുണ്ട്. നിലവിലെ സാഹചര്യത്തിൽ നേരത്തെ തന്നെ വിമാനത്താവളത്തിൽ എത്തണമെന്ന നിർദേശം ഉണ്ടായതിനാലാണ് നേരത്തെ തന്നെ യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയത്. കൈകുഞ്ഞുകൾ അടക്കമുള്ള യാത്രക്കാർ എന്ത് ചെയ്യണമെന്നറിയാതെയിരിക്കുകയാണ്. എന്നാൽ, വിമാന പുറപ്പെടുന്നില്ലെങ്കിലും ഇവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കാൻ പോലും എയർ ഇന്ത്യ എക്സ്പ്രസ്സ് അധികൃതർ തയ്യാറായിട്ടില്ലെന്നതാണ് യാത്രക്കാർക്ക് ഏറെ ദുരിതം സമ്മാനിക്കുന്നത്.

സാങ്കേതിക തകരാറാണ് വിമാനം യാത്ര ഒഴിവാക്കാൻ കാരണമെന്നാണ് അറിയുന്നത്. ദമാം വിമാനത്താവള സ്റ്റാറ്റസ് പ്രകാരം ഈ സർവ്വീസ് ക്യാൻസൽ ചെയ്തതായാണ് അറിയുന്നത്.