റിയാദ്: സഊദിയിൽനിന്ന് രണ്ടു ഡോസ് വാക്സിൻ എടുത്ത ശേഷം റീ എൻട്രി വിസയിൽ പോയവർക്ക് നേരിട്ട് നേരിട്ട് തിരിച്ചുവരാമെന്ന പ്രഖ്യാപനം വന്ന ശേഷം കൊച്ചിയിൽ നിന്നുള്ള ആദ്യ വിമാനം ഞായറാഴ്ച ജിദ്ദയിലേക്ക് പുറപ്പെടും. കൊച്ചി വിമാനത്താവള ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. സഊദിയിലേക്ക് ഒരു വിഭാഗം ആളുകൾക്ക് മാത്രം പ്രവേശനം അനുവദിച്ച അധികൃതരുടെ പ്രഖ്യാപനം വന്ന ശേഷം കേരളത്തിൽനിന്നുള്ള ആദ്യവിമാനമായിരിക്കും ഇത്. 395 യാത്രക്കാരുമായി സഊദി എയർലൈൻസിന്റെ എസ്വി 3573 വിമാനമാണ് ഞായറാഴ്ച ജിദ്ദയിലേക്ക് പുറപ്പെടുകയെന്ന് സിയാൽ അറിയിച്ചു.
ഇതിന് പുറമെ ഇൻഡിഗോ വിമാന കമ്പനിയും സെപ്തംബർ രണ്ടിന് സഊദിയിലേക്ക് സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചിയിൽ നിന്ന് തന്നെയാണ് ഇൻഡിഗോ സർവ്വീസും ഉണ്ടാകുക. ഇതിന് പുറമെ കുവൈത്, ഒമാൻ വിമാന കമ്പനികളും ഉടൻ സർവ്വീസുകൾ തുടങ്ങുമെന്ന് കൊച്ചി എയർപോർട്ട് സിയാൽ എം ഡി എസ് സുഹാസ് ഐ എ എസ് അറിയിച്ചു.
നിലവിൽ സഊദിയിലേക്ക് സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്ത ശേഷം റീ എൻട്രിയിൽ പോയവർക്ക് മാത്രമാണ് നേരിട്ട് പ്രവേശനാനുമതി. നാട്ടിൽ നിന്ന് വാക്സിൻ സ്വീകരിച്ചവർക്കും ഒരു ഡോസ് സഊദിയിൽ നിന്നും മറ്റൊരു ഡോസ് നാട്ടിൽ നിന്നും സ്വീകരിച്ചവർക്കും സഊദിയിൽ നിന്ന് ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവരിൽ കൊവിഡ് ബേധമായാവര്ക്കും നിലവിൽ നേരിട്ട് പ്രവേശനം അനുവദിക്കുന്നില്ല. ഇത്തരക്കാർക്കും ഉടൻ അനുമതി നൽകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
