സഊദിയിൽ വിദേശികൾക്ക് വൻതോതിൽ തൊഴിൽ നഷ്ടം, മൂന്ന് മാസത്തിനിടെ ജോലി പോയത് ഒന്നേകാൽ ലക്ഷത്തിലധികം പേർക്ക്

0
2274

റിയാദ്: സഊദിയിൽ വിദേശികൾക്ക് വൻ തോതിൽ തൊഴിൽ നഷ്ടപ്പെടുന്നതായി കണക്കുകൾ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഒന്നേകാൽ ലക്ഷത്തിലധികം പേർക്കാണ് മൂന്ന് മാസത്തിനിടെ തൊഴിൽ നഷ്ടമായത്. ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലായി സ്വകാര്യ മേഖലയിൽ 1,27,200 വിദേശ തൊഴിലാളികൾക്ക് ജോലി നഷ്ടമായതായി കണക്കുകൾ വ്യക്തമാക്കുന്നു.

അതേസമയം, രണ്ടാം പാദത്തിൽ സ്വകാര്യ മേഖല തൊഴിലാളികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം ആദ്യ പാദത്തിൽ 80.9 ലക്ഷം തൊഴിലാളികളാണ് ഉണ്ടായിരുന്നതെങ്കിൽ ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ 81.9 ലക്ഷം ആയി ഉയർന്നു. രണ്ടാം പാദത്തിൽ സ്വകാര്യ മേഖലാ തൊഴിലാളികളുടെ എണ്ണം 1.2 ശതമാനമായാണ് വർധിച്ചത്.
ഇതേ കാലയളവിൽ സ്വദേശ ജീവനക്കാരുടെ എണ്ണത്തിൽ 2,23,600 ഓളം പേരുടെ വർധനവും രേഖപ്പെടുത്തി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലാ ജീവനക്കാരിൽ 25.3 ശതമാനം സഊദികളാണ്. രണ്ടാം പാദാവസാനത്തെ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ ആകെ 20.7 ലക്ഷം സ്വദേശി ജീവനക്കാരുണ്ട്. സ്വകാര്യ മേഖലാ ജീവനക്കാരിൽ 74.7 ശതമാനം വിദേശികളാണ്.

ജൂൺ അവസാനത്തിലെ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ 61.3 ലക്ഷത്തോളം വിദേശ തൊഴിലാളികളാണുള്ളതെന്നും ഗോസി കണക്കുകൾ വ്യക്തമാക്കുന്നു.
2030 ഓടെ തൊഴിലില്ലായ്മ നിരക്ക് ഏഴു ശതമാനമായി കുറക്കാനായി വിഷൻ 2030 പദ്ധതിയിലൂടെ വിവിധ കാര്യങ്ങൾ നടപ്പിലാക്കി വരികയാണ്. ഈ വർഷം ആദ്യ പാദത്തിൽ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 11.7 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം അവസാന പാദത്തിൽ തൊഴിലില്ലായമ നിരക്ക് 12.6 ശതമാനമായിരുന്നു.