റിയാദ്: സഊദി പ്രവാസികൾക്ക് ഏറെ ആശ്വാസമായി വാർത്തയാണ് ഇന്ന് പുറത്ത് വന്നതെങ്കിലും എന്ന് മുതലായിരിക്കും പ്രവേശനം സാധ്യമാകുകയെന്ന കാത്തിരിപ്പിലാണ് ഇനി പ്രവാസ ലോകം. രണ്ടു വർഷത്തോടടുക്കുന്ന സഊദി പ്രവേശന വിലക്ക് നിയന്ത്രണങ്ങളോടെ നീക്കി നിബന്ധനകളോടെ പ്രവേശനം അനുവദിക്കുമെന്ന വാർത്ത ഇന്ന് വൈകീട്ടോടെയാണ് പുറത്ത് വന്നത്. സഊദി പ്രവാസികൾക്ക് സമീപ കാലത്ത് ഇത്രത്തോളം ആഹ്ളാദം ഉണ്ടാക്കിയ വാർത്ത വന്നിട്ടില്ല. സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്‌സിനും എടുത്ത് നാട്ടിലേക്ക് പോയവർക്ക് നേരിട്ട് മടങ്ങിയെത്താനായുള്ള അവസരമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
സഊദിയിലെ ഇന്ത്യൻ എംബസിയും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, എന്ന് മുതലായിരിക്കും പ്രവേശനം അനുവദിക്കുകയെന്ന ചോദ്യമാണ് പ്രവാസികൾ ഉയർത്തുന്നത്. ഇതോടൊപ്പം നാട്ടിൽ നിന്ന് രണ്ട ഡോസ് വാക്‌സിൻ എടുത്തവരിലും ഒരു ഡോസ് സഊദിയിൽ നിന്ന് എടുത്ത രണ്ടാം ഡോസ് ഇന്ത്യയിൽ നിന്നെടുത്തവരിലും തവക്കൽന അപ്‌ഡേറ്റ് ചെയ്യപ്പെട്ടവർക്കും അനുമതി ലഭിക്കുമോ എന്ന ചോദ്യവും പ്രവാസികളിൽ പലരും ഉയർത്തുന്നുണ്ട്. എന്നാൽ, ഇക്കാര്യങ്ങളിലൊന്നും ഇത് വരെ വ്യക്തത വന്നിട്ടില്ലെന്നതാണ് വാസ്‌തവം. സഊദിയിൽ നിന്ന് രണ്ട് ഡോസ് എടുത്ത് നാട്ടിൽ പോയവർക്ക് ക്വാറന്റൈൻ ഇല്ലാതെ തിരിച്ചെത്താമെന്ന് മാത്രമാണ് ഇത് വരെയുള്ള റിപ്പോർട്ട്. ഇന്ത്യൻ എംബസിയുടെ അറിയിപ്പിലും ഇക്കാര്യം പറയുന്നതോടൊപ്പം കൂടുതൽ വിശദീകരണങ്ങൾക്കായി കാത്തിരിക്കുന്നുവെന്നാണ് അറിയിച്ചിരിക്കുന്നത്.
ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരണമെങ്കിൽ സഊദി സിവിൽ ഏവിയേഷന്റെ സർക്കുലർ, ആഭ്യന്തര മന്ത്രാലയ സർക്കുലർ എന്നിവ പുറത്തിറങ്ങേണ്ടതുണ്ട്. പ്രവേശനം അനുവദിച്ച വാർത്തകൾ പുറത്ത് വന്നെങ്കിലും വിമാന കമ്പനികൾക്ക് അനുമതി നൽകി സിവിൽ ഏവിയേഷൻ (ഗാക) സർക്കുലർ അയച്ചാൽ മാത്രമേ വിമാന കമ്പനികൾ സർവീസിനായി ഒരുങ്ങുകയുള്ളൂ. ഇത് വരെ സഊദി സിവിൽ ഏവിയേഷൻ അധികൃതരിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും വിമാന കമ്പനി വൃത്തങ്ങൾ അറിയിച്ചു.