അക്ഷയ് കുമാറിന്റെ ‘ബെൽ ബോട്ടം’ സിനിമക്ക് സഊദി ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ നിരോധനം

0
3852

ദുബൈ: അക്ഷയ് കുമാറിന്റെ ‘ബെൽ ബോട്ടം’ സിനിമക്ക് സഊദി ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ നിരോധനം ഏർപ്പെടുത്തിയതായി റിപ്പോർട്ട്. സഊദി അറേബ്യ, കുവൈറ്റ്, ഖത്തർ എന്നിവിടങ്ങളിൽ ചരിത്രപരമായ വസ്തുതകളിൽ കൃത്രിമം കാണിക്കുന്നു എന്നാരോപിച്ച് സിനിമ നിരോധിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. രഞ്ജിത് എം തിവാരി അക്ഷയ് കുമാറിനെ നായകനാക്കി ഒരുക്കിയ ചരിത്രം വളച്ചൊടിക്കുന്ന ചിത്രം പ്രദര്ശിപ്പിക്കാനാവില്ലെന്നാണ് ഖത്തർ, സഊദി, കുവൈത്ത് എന്നീ രാജ്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

എണ്‍പതുകള്‍ പശ്ചാത്തലമാക്കുന്ന സ്പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ബെല്‍ബോട്ടം. ഇന്ദിരാഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന കാലത്തെ വിമാന തട്ടിക്കൊണ്ടുപോകൽ പരമ്പരയെ അടിസ്ഥാനമാക്കിയാണ് സ്പൈ ത്രില്ലർ ഒരുക്കിയിരിക്കുന്നത്. ഹൈജാക്ക് ചെയ്യപ്പെട്ട ഇന്ത്യൻ വിമാനത്തിൽ നിന്ന് 200 ലധികം ബന്ദികളെ രക്ഷിക്കാനുള്ള ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു രഹസ്യ ഏജന്റ് ആയാണ് അക്ഷയ് കുമാർ എത്തുന്നത്.

രണ്ടാം പകുതിയിലാണ് ലാഹോറിൽ നിന്ന് വിമാനം ദുബായിലേക്ക് കൊണ്ടുപോകുന്നതായി ഒരു റിപ്പോർട്ട് കാണിക്കുന്നത്. 1984 ൽ നടന്ന യഥാർത്ഥ സംഭവം അനുസരിച്ച്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രതിരോധ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേരിട്ടാണ് ഈ സാഹചര്യം കൈകാര്യം ചെയ്തത്, യുഎഇ അധികൃതരാണ് ഹൈജാക്കർമാരെ പിടികൂടിയത്. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ സെൻസർ ബോർഡ് അതിനെ എതിർക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ സിനിമ നിരോധിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു.

റോ ഏജന്റിന്റെ വേഷത്തിലാണ് അക്ഷയ് കുമാർ എത്തുന്നത്. വാണി കപൂര്‍ നായികയാവുന്ന ചിത്രത്തില്‍ ഹുമ ഖുറേഷിയും ലാറ ദത്തയും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡെന്‍സില്‍ സ്‍മിത്ത്, അനിരുദ്ധ ദവെ, ആദില്‍ ഹുസൈന്‍, തലൈവാസല്‍ വിജയ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.