ഈ മാസം അവസാനത്തോടെ കൂടുതൽ യാത്രാ ഇളവ്; കോൺസുൽ ജനറൽ

0
7241

അബുദാബി: ഈ മാസം അവസാനത്തോടെ കൂടുതൽ യാത്രാ ഇളവുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസൽ ജനറൽ അമൻപുരി. അജ്മാൻ ഇന്ത്യൻ അസോസിയേഷനിലെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

യു.എ.ഇ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി നീക്കുന്നുണ്ട്. നാട്ടിലെത്തിയ എല്ലാ തൊഴിലാളികൾക്കും വൈകാതെ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷ. നിരവധി ഇന്ത്യക്കാർ ഇതിനകം എത്തിക്കഴിഞ്ഞു. റസിഡൻറ് വിസ കാലാവധി കഴിഞ്ഞവർക്ക് മടങ്ങിവരുന്നതിനുള്ള സൗകര്യം ദുബൈക്ക് പുറമെ മറ്റ് എമിറേറ്റുകളും ഏർപെടുത്തുമെന്ന പ്രതീക്ഷയിലാണ്. യു.എ.ഇ അധികൃതർ ഇക്കാര്യത്തിൽ ആവശ്യമായ സഹകരണവും പിന്തുണയും നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജോബ് ഓഫർ വെരിഫിക്കേഷന് പി.ബി.എസ്.കെ സംവിധാനം കോൺസുലേറ്റ് ഏർപെടുത്തിയിട്ടുണ്ട്. അംഗീകൃത റിക്രൂട്ട്മെൻറ് ഏജൻസികളെ മാത്രം ആശ്രയിച്ചാൽ തൊഴിൽ തട്ടിപ്പിൽനിന്ന് രക്ഷപെടാനാകും. ഇത് പരിശോധിക്കാനായാണ് പി.ബി.എസ്.കെ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.

യു.എ.ഇയിലെ ഇന്ത്യക്കാരുടെ എണ്ണവുമായി താരതമ്യം ചെയ്യുേമ്പാൾ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം കുറവാണ്. 33 ലക്ഷം ഇന്ത്യക്കാരാണ് ഈ രാജ്യത്തുള്ളത്. ഇതിൽ 24 ലക്ഷവും ജോലിക്കാരാണ്. ഇവരിൽ കുറച്ച്പേർ മാത്രമാണ് തൊഴിൽ തട്ടിപ്പിന് ഇരയാകുന്നതെന്നും അദ്ദേഹം പറഞ്ഞു.