വാഹനത്തിൽ കൊണ്ട് പോകുകയായിരുന്ന രാജവെമ്പാല കവർന്നത് ഡ്രൈവറടക്കം കുടുംബത്തിലെ അഞ്ചു പേരുടെ ജീവൻ

0
7791

കൈറോ: യാത്രാ വാഹനത്തിൽ കൊണ്ട് പോകുകയായിരുന്ന രാജവെമ്പാല കവർന്നത് അഞ്ചു പേരുടെ ജീവൻ. ഡ്രൈവറുടെ ജീവൻ രാജവെമ്പാല നേരിട്ട് കവർന്നപ്പോൾ മറ്റു നാല് പേരുടെ ജീവൻ അപകടത്തിൽ പെട്ടാണ് പൊലിഞ്ഞത്. ഈജിപ്‌തിലെ ഖഫർ അൽ ശൈഖ് ഗവർണറേറ്റിലാണ് ദാരുണമായ അപകടം നടന്നത്. ഡ്രൈവറും വാഹനത്തിലെ യാത്രക്കാരായ ഒരു കുടുംബത്തിലെ നാല് പേരുമാണ് അപകടത്തിൽ മരണപ്പെട്ടതെന്ന് ഈജിപ്‌തിലെ അൽ യൗമു സാബിഗ് പത്രം റിപ്പോർട്ട് ചെയ്‌തു.

ആഭിചാര പ്രവർത്തനത്തിനായി വാഹനത്തിന്റെ ഉടമ കൂടിയായ യഥാർത്ഥ ഡ്രൈവർ തന്റെ സുഹൃത്തിനെ രാജവെമ്പാലയുമായി അയക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം രാജവെമ്പാലയെ കാർട്ടൻ പെട്ടിയിലാക്കി വാഹനത്തിന്റെ പിറകിലെ ഡിക്കിയിൽ വെക്കുകയും ചെയ്‌തു. യാത്രക്കിടെ ഇതിൽ നിന്ന് രക്ഷപ്പെട്ട പാമ്പ് വാഹനത്തിനു അടിയിലൂടെ കടന്ന് ഡ്രൈവറുടെ പെഡൽ ഭാഗത്തേക്ക് എത്തി ഡ്രൈവറെ കടിക്കുകയായിരുന്നു.

ഇതോടെ ഡ്രൈവറുടെ നിയന്ത്രണം പോകുകയും കോൺക്രീറ്റ് ഭിത്തിയിൽ വാഹനം ഇടിച്ച് കയറുകയുമായിരുന്നു. അതേസമയം, വാഹനത്തിന്റെ യഥാർത്ഥ ഡ്രൈവർ കേസിൽ ഉൾപ്പെടുമെന്നും അദ്ദേഹത്തിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. രാജവെമ്പാലയുടെ കൊടിയ വിഷത്തെ കുറിച്ച് അറിയാവുന്ന ഉടമ കൂടിയായ ഡ്രൈവർ ഇത് മറച്ച് വെച്ച് മറ്റൊരാളെ ഏൽപ്പിച്ചതിനാണ് അദ്ദേഹത്തിനെതിരെ കുറ്റം ചെറുമതിയിരിക്കുന്നത്. അദ്ദേഹത്തെ കോടതിയിൽ വിളിച്ച് മൊഴി രേഖപെപ്പടുത്താൻ പ്രോസിക്യൂഷൻ ഉത്തരവിട്ടു.