ഇന്ത്യ- സഊദി സംയുക്ത നാവികാഭ്യാസം തുടങ്ങി

0
1521

ദമാം: ഇന്ത്യ-സഊദി പ്രതിരോധ സഹകരണം പുതിയ തലങ്ങളിലേക്ക് ഉയർത്തി ‘ഇന്ത്യൻ മഹാമുദ്രം’ എന്ന് പേരിലെ പ്രഥമ സഊദി- ഇന്ത്യ സംയുക്ത നാവികാഭ്യാസത്തിന് തുടക്കമായി. കിഴക്കൻ സഊദി തീരത്തെ അറേബ്യൻ ഉൾക്കടലിലാണ് സൈനികഭ്യാസം നടക്കുന്നത്. ഇതിനായി ഇന്ത്യയിൽ നിന്ന് ഐ എൻ എസ് കൊച്ചി കഴിഞ്ഞ ദിവസം ഇവിടെ എത്തിയിരുന്നു.

സഊദി റോയൽ നാവിക സേനക്കു കീഴിലെ ഈസ്റ്റേൺ ഫ്ലീറ്റും ഇന്ത്യൻ നാവിക സേനയുമാണ് അഭ്യാസ പ്രകടനത്തിൽ പങ്കെടുക്കുന്നത്. അറേബ്യൻ ഉൾക്കടലിൽ നാവിക സഞ്ചാര സ്വാതന്ത്ര്യവും സമുദ്ര സുരക്ഷയും ഉറപ്പാക്കാൻ ഉന്നമിട്ട് ആശയങ്ങൾ ഏകീകരിക്കാനും പരിചയസമ്പത്ത് കൈമാറാനും ലക്ഷ്യമിട്ടാണ് സംയുക്ത നാവികാഭ്യാസ പ്രകടനം നടത്തുന്നത്.

ഈസ്റ്റേൺ ഫ്ലീറ്റ് കമാണ്ടർ റിയൽ അഡ്മിറൽ മാജിദ് ബിൻ ഹസ്സാഅ് അൽഖഹ്താനിയുടെ സാന്നിധ്യത്തിലാണ് അഭ്യാസ പ്രകടനം. സഊദി, ഇന്ത്യൻ നാവിക സേനകളുടെ പങ്കാളിത്തത്തോടെ നടത്തുന്ന ആദ്യത്തെ അഭ്യാസ പ്രകടനമാണിതെന്ന് റിയൽ അഡ്മിറൽ മാജിദ് ബിൻ ഹസ്സാഅ് അൽഖഹ്താനി പറഞ്ഞു. സമുദ്ര ഓപ്പറേഷൻസ് മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം ശക്തമാക്കാനും പരിചയ സമ്പത്ത് കൈമാറ്റത്തിനും, കമാണ്ട്, കൺട്രോൾ, കമ്മ്യൂണിക്കേഷൻസസ് നടപടികളും ഏകീകരിക്കാനും സംയുക്ത സൈനികാഭ്യാസ പ്രകടനത്തിലൂടെ ലക്ഷ്യമിടുന്നതായും റിയൽ അഡ്മിറൽ മാജിദ് ബിൻ ഹസ്സാഅ് അൽഖഹ്താനി പറഞ്ഞു.