മാലിദ്വീപ് വഴിയുള്ള പ്രവാസി യാത്ര പ്രതിസന്ധിയിൽ, പാക്കേജുകൾ നിർത്തിവെച്ച് ട്രാവൽസുകൾ

0
8262

കൊച്ചി: മാലിദ്വീപ് വഴിയുള്ള പ്രവാസികളുടെ യാത്ര പ്രതിസന്ധിയിൽ. മാലിദ്വീപ് ഇന്ത്യക്കാർക്ക് പ്രവേശനം അനുവദിച്ചതോടെ സഊദിയടക്കമുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് പോകാനായി ആയിരക്കണക്കിന് പ്രവാസികൾ മാലിദ്വീപിലേക്ക് ഒഴുക്ക് ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഉണ്ടായ പ്രതിസന്ധിയാണ് ഇപ്പോൾ ഉടലെടുത്തിരിക്കുന്നതെന്നാണ് ട്രാവൽസ് ഏജൻസികൾ നൽകുന്ന മറുപടി. അതേസമയം, വളരെ അപൂർവമായി പ്രവാസികൾ ഇപ്പോഴും മാലിദ്വീപിലേക്ക് യാത്ര തിരിക്കുന്നുമുണ്ട്. നേരത്തെയുള്ള പാക്കേജ് പ്രകാരം യാത്ര പോകുന്നവരും ഉണ്ട്.

നിലവിൽ മാലിദ്വീപിലേക്ക് ഏറ്റവും കൂടുതൽ പ്രവാസികൾ പോകുന്നത് വിവിധ ട്രാവൽസുകൾ വഴിയാണ്. ട്രാവൽസുകൾ ഹോട്ടൽ ബുക്കിങ്, ഫ്ലൈറ്റ് ടിക്കറ്റ്, പതിനാല് ദിവസം ഇവിടെ താമസിക്കേണ്ടതിനുള്ള ചിലവുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് പാക്കേജുകൾ നൽകിയിരുന്നത്. ചില ട്രാവൽസുകൾ ടിക്കറ്റ് നിരക്ക് ഒഴിവാക്കിയും പാക്കേജുകൾ നൽകിയിരുന്നു. എന്നാൽ, മാലിദ്വീപിൽ എത്തിയ പലർക്കും കടുത്ത പ്രശ്നങ്ങൾ നേരിടേണ്ടി വന്നതോടെ ഇപ്പോൾ ബുക്കിങ് പൂർണ്ണമായും നിർത്തി വെക്കുകയാണ് ട്രാവൽസുകൾ. ചില ട്രാവൽസുകൾ സെർബിയ, സി ഐ എസ് പോലെയുള്ള മറ്റു രാജ്യങ്ങൾ വഴിയുള്ള പാക്കേജുകളിലേക്ക് മാറ്റി നൽകുകയോ പണം തിരിച്ചു നൽകുകയോ ചെയ്തിട്ടുണ്ട്.

നിലവിൽ മാലിദ്വീപിലെ ചില ദ്വീപുകളിലേക്ക് പ്രവേശനം തന്നെ നല്കുന്നില്ലെന്നാണ് റിപ്പോർട്ട്. നേരത്തെ ബുക്ക് ചെയ്ത വെച്ച ഹോട്ടലുകളിൽ പോലും പ്രവേശനം നൽകാൻ വിസമ്മതിക്കുകയാണെന്നും പറയുന്നു. കൺഫോം ചെയ്ത ഹോട്ടൽ ബുക്കിങ് പോലും അവിടെയെത്തുമ്പോൾ കാരണത്താൽ മടക്കിയയച്ച സംഭവങ്ങൾ വരെ ഉണ്ടായതായാണ് റിപ്പോർട്ടുകൾ. പലപ്പോഴും നാട്ടിലെ ട്രാവൽസുകളെയാണ് പ്രവാസികൾ കുറ്റപ്പെടുത്തുന്നതെങ്കിലും നിലവിൽ കൂടുതലും മാലിദ്വീപിലെ ഏജൻസികളുടെ നിരുത്തരവാദിത്തപരമായ നിലപാടുകളാണ് പ്രശ്നം സൃഷ്ടിക്കുന്നതെന്നാണ് അവിടെ നിന്നുള്ളവരിൽ നിന്ന് മനസിലാകുന്നത്.

കേരളത്തത്തിലെ പ്രമുഖ ട്രാവൽസ് ഏജൻസി ചാർട്ട് ചെയ്ത നിരവധി സർവീസുകളാണ് നിർത്തി വെച്ചത്. ഇതേ തുടർന്ന് ഇവരിലേക്ക് നൽകാനായി യാത്ര ക്രമീകരിച്ച മറ്റു ചെറുകിട ട്രാവൽസുകൾ തങ്ങളുടെ കീഴിൽ പോകുന്നവർക്ക് യാത്ര മാറ്റാൻ നിർദേശം നൽകിയിട്ടുണ്ട്, നിലവിൽ മാലിദ്വീപ് വഴി യാത്രാ പോകാൻ ഉദ്ദേശിക്കുന്നവർ വ്യക്തമായി കാര്യങ്ങൾ മനസിലാക്കി വേണം യാത്ര തിരിക്കാനെന്നു നിലവിൽ അവിടെയുള്ളവർ വ്യക്തമാക്കുന്നു.