വിവിധ ഗൾഫ് രാജ്യങ്ങളുമായി ഇന്ത്യൻ വിദേശ കാര്യമന്ത്രി ചർച്ച നടത്തി

0
1580

ന്യൂഡൽഹി: വിവിധ ഗൾഫ് രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ വിവിധ ഗൾഫ് വിദേശ കാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ചകൾ നടത്തി. ഏറ്റവും ഒടുവിൽ കുവൈത്, ഒമാൻ വിദേശ കാര്യ മന്ത്രിമാരുമായാണ് ചർച്ചകൾ നടത്തിയത്. ഇറാനിലെ പുതിയ പ്രസിഡന്‍റി‍െൻറ സ്ഥാനാരോഹണ ചടങ്ങിനെത്തിയ വേളയിലാണ് ഇരു രാജ്യങ്ങളിലെ മന്ത്രിമാരുമായി ജയ്ശങ്കർ കൂടിക്കാഴ്ച നടത്തിയത്.

കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ: അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആരോഗ്യ രംഗത്തെ സഹകരണം, കൊവിഡാനന്തര കാലത്തെ സാമ്പത്തിക വ്യവസ്ഥ, ഇരുരാജ്യങ്ങൾക്കും താൽപര്യമുള്ള പൊതുവിഷയങ്ങൾ, മേഖലയിലെ സംഭവവികാസങ്ങൾ തുടങ്ങിയവ ചർച്ച ചെയ്തതായി കേന്ദ്ര മന്ത്രി ഡോ. എസ്. ജയ്ശങ്കർ ട്വിറ്ററിൽ കുറിച്ചു.

ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുൈസദിയും തെഹ്റാനിൽ ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ നിലവിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനൊപ്പം സഹകരണം വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതടക്കം വിഷയങ്ങൾ ചർച്ച ചെയ്തതായി ഒമാൻ വാർത്ത ഏജൻസി അറിയിച്ചു. നേരത്തെ ആഴ്ചകൾക്ക് മുമ്പ് സഊദി വിദേശ കാര്യ മന്ത്രിയുമായും ചർച്ചകൾ നടത്തിയിരുന്നു.