സഊദിയിൽ കൊവിഡ് ബാധിച്ച് മാളുകളിൽ കറങ്ങി നടന്നവരെ പിടികൂടി

0
2283

റിയാദ്: കൊവിഡ് ബാധിച്ച് ക്വാറന്റൈൻ നിയമം ലംഘിച്ച് മാളുകളിൽ കറങ്ങി നടന്ന സ്വദേശി യുവാക്കളെ പോലീസ് പിടികൂടി. ഹായിലിലാണ് സംഭവം. കൊവിഡ് ബാധിച്ച ഇവർ ക്വാറന്റൈനിൽ കഴിയേണ്ടതായിരുന്നു. എന്നാൽ, ഇവർ ഇത് ലംഘിച്ച് ജനങ്ങൾ ഏറെ കയറിയിറങ്ങുന്ന മാളുകളിൽ കൂടി ചുറ്റി നടക്കുകയായിരുന്നു.

മാളുകളിൽ കൂടി കൊവിഡ് ബാധിച്ചയാൾ ചുറ്റികറങ്ങുന്നതായ വീഡിയോ ശ്രദ്ധയിൽ പെട്ടത്തോടെയാണ് പോലീസ് യുവാക്കളെ അറസ്റ്റ് ചെയ്തത്. ഉടൻ അന്വേഷണം ആരംഭിച്ച പോലീസ് യുവാക്കളെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. മുപ്പത് വയസുള്ള യുവാക്കളാണ് അറസ്റ്റിലായതെന്ന് ഹായിൽ പോലീസ് മാധ്യമ വക്താവ് ക്യാപ്റ്റൻ താരിഖ് അൽ-നാസർ അറിയിച്ചു.

പ്രതികൾക്കെതിരെ പ്രാരംഭ നിയമനടപടികൾ സ്വീകരിക്കുകയും അവരെ പബ്ലിക് പ്രോസിക്യൂഷൻ ബ്രാഞ്ചിലേക്ക് റഫർ ചെയ്യുകയും ചെയ്തുവെന്ന് അൽ-നാസർ കൂട്ടിച്ചേർത്തു.

കൊറോണ വൈറസ് പകർച്ചവ്യാധിയെ മനപ്പൂർവ്വം മറ്റുള്ളവരിലേക്ക് പകരുന്നവർക്കും മുൻകരുതൽ നടപടികളും പ്രതിരോധ നടപടികളും ലംഘിക്കുന്നവർക്കും 500,000 റിയാലിൽ കൂടാത്ത പിഴ, 5 വർഷത്തിൽ കൂടാത്ത തടവ്, അല്ലെങ്കിൽ ഇവ രണ്ടും ഒരുമിച്ച് ലഭിക്കുകയോ ചെയ്യും. നിയമലംഘനം ആവർത്തിച്ചാൽ മുൻ തവണ ചുമത്തിയ പിഴ ഇരട്ടിയാക്കുകയും വിദേശികളാണെങ്കിൽ പ്രവേശന വിലക്കോടെ നാട് കടത്തുകയും ചെയ്യും.