ഹാജിമാർ പൂർണ്ണമായും വിടവാങ്ങി; മഹാമാരി പ്രതിസന്ധിയിലും ആത്മീയ സായൂജ്യത്തിൽ ഹാജിമാർ

ഉംറ സീസണ് ഞായാറാഴ്ച തുടക്കമാകും

0
1380

മക്ക: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിൽ പങ്കെടുത്ത ഹാജിമാർ പൂർണ്ണമായും പുണ്യ ഭൂമിയിൽ നിന്ന് വിടവാങ്ങി. ഏതാനും ഹാജിമാർ വ്യാഴ്ചയാഴ്ച തന്നെ കർമ്മങ്ങൾ പൂർത്തീകരിച്ച് മടങ്ങിയിരുന്നെങ്കിലും മലയാളികൾ അടക്കമുള്ള ചില ഹാജിമാർ വെള്ളിയാഴ്ച്ചയാണ് കർമ്മങ്ങൾ പൂർണ്ണമാക്കിയ ശേഷം മക്കയിൽ നിന്നും സ്വന്തം നാടുകളിലേക്ക് നീങ്ങിയത്. മിനായിൽ നിന്ന് മക്കയിൽ തിരിച്ചെത്തിയാണ് ഇവർ വിദാഇന്റെ ത്വവാഫ് പൂർത്തീകരിച്ച ശേഷമാണ് യാത്ര പറഞ്ഞത്. ഹാജിമാർ പൂർണ്ണമായും മക്കയിൽ നിന്ന് ഒഴിവായതോടെ ഇനി ഉംറ സീസണിലേക്കുള്ള ഒരുക്കങ്ങളുമായി സഊദി ഹജ്ജ് ഉംറ മന്ത്രാലയം കാലെടുത്ത് വെച്ചു. 58,518 പേ​രാ​ണ്​ ഹ​ജ്ജി​ന്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. ഇ​തി​ൽ 32,816 പേ​ർ പു​രു​ഷ​ന്മാ​രും 25,702 പേ​ർ സ്​​ത്രീ​ക​ളു​മാ​ണ്. ഇവരിൽ 25,000ത്തി​ല​ധി​ക​മാ​ണ്​ വി​ദേ​ശി​ക​ൾ.

മഹാവ്യാധിയുടെ കരിനിഴൽ ലോകമാസകലം അലയടിക്കുമ്പോഴും ജീവിതത്തിലെ ഏറ്റവും അപൂർവമായി മാത്രം സിദ്ധിക്കുന്ന തീർഥാടന പുണ്യം നേടാനായ സായൂജ്യത്തിലാണ്​​ ഹാജിമാർ മക്കയിൽ നിന്നും യാത്ര പറയുന്നത്. പ്രതികൂല ഘടകങ്ങളെ അതിജീവിച്ച്​ വിജയകരമായി ഹജ്ജ് പൂർത്തീകരിച്ച സന്തോഷത്തിലാണ് തീർഥാടകർ. സഊദി ഭരണകൂടവും ഹജ്ജ് ഉംറ മന്ത്രാലയവും ഏറ്റവും മികച്ച സേവനങ്ങളാണ് സജ്ജീകരിച്ചതെന്ന് മലയാളികൾ അടക്കമുള്ള ഹാജിമാർ സാക്ഷ്യപ്പെടുത്തുന്നു. പുണ്യസ്ഥലങ്ങളില്‍ നിന്ന് സ്വന്തം വീടുകളില്‍ തിരിച്ചെത്തുന്ന തീര്‍ഥാടകര്‍ ഐസൊലേഷന്‍ പാലിക്കേണ്ടതില്ലെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇവര്‍ കൊറോണ പരിശോധന നടത്തേണ്ടതുമില്ല. മുഴുവന്‍ ഹജ് തീര്‍ഥാടകരും ഹജ് സേവന മേഖലയില്‍ പ്രവര്‍ത്തിച്ചവരും വാക്‌സിന്‍ സ്വീകരിച്ചവരാണ്. അതുകൊണ്ടു തന്നെ ഹജ് കര്‍മം പൂര്‍ത്തിയായി രണ്ടാഴ്ചക്കുള്ളില്‍ രോഗലക്ഷണങ്ങളൊന്നും പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കില്‍ ഹാജിമാര്‍ ഐസൊലേഷന്‍ പാലിക്കുകയോ പരിശോധന നടത്തുകയോ ചെയ്യേണ്ട ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ: അബ്ദുല്ല അസീരി അറിയിച്ചു.

അതേസമയം, ഈവർഷത്തെ ഹജ്ജിനു മുന്നോടിയായി നിർത്തി വെച്ച ഉംറ തീർത്ഥാടനം ദുൽഹിജ്ജ 15 മുതൽ അഥവാ ജൂലൈ 25 നു പുനഃരാരംഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഉംറ തീർത്ഥാടനം പുനരാംഭിക്കുന്ന തുടക്കത്തിൽ ഇരുപതിനായിരം തീർത്ഥാടകർക്ക് മാത്രമായിരിക്കും അനുമതി. തുടർന്ന് ക്രമേണ തീർത്ഥാടകരുടെ എണ്ണം വർധിപ്പിച്ച് നേരത്തെയുള്ള നിലയിലേക്ക് ഉയർത്തുമെന്നും ഡെപ്യൂട്ടി ഹജ്ജ് ഉംറ മന്ത്രി ഡോ: അബ്ദുൽ ഫത്താഹ് മുശാത് അറിയിച്ചു.