ജിദ്ദ: പ്രവാസികൾ അനുഭവിക്കുന്ന യാത്ര പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാരിൽ വേണ്ട ഇടപെടൽ നടത്തുക, കൊവിഡ് കാരണം ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി പുനരധിവാസ പദ്ധതി പ്രഖ്യാപിക്കുക, തിരിച്ചു പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ഭീമമായ യാത്ര ചെലവിന് വേണ്ടി പലിശ രഹിത വായ്പ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം അയക്കാൻ മാറാക്കര ഗ്ലോബൽ കെഎംസിസി ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താൻ വേണ്ടി പ്രവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ കോട്ടക്കൽ മണ്ഡലം എം എൽ എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങളെ ധരിപ്പിക്കാനും യോഗം തീരുമാനിച്ചു.
ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്ന മാറാക്കരയിലെ പഴയ കാല മുസ്ലിം ലീഗ് പ്രവർത്തകരെ ആദരിക്കുന്നതിന് വേണ്ടി ഗ്ലോബൽ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ ‘സ്നേഹ യാത്ര’ സംഘടിപ്പിക്കാനും തീരുമാനിച്ചു. വാർഡ് മുസ്ലിം ലീഗ്, യൂത്ത് ലീഗ് കമ്മിറ്റികളുടെ സഹകരണത്തോടെ പഴയ കാല പ്രവർത്തകരുടെ ലിസ്റ്റ് തയ്യാറാക്കാനും തീരുമാനിച്ചു.
ഗ്ലോബൽ കെഎംസിസിയുടെ ഉപദേശക സമിതിയെ യോഗംത്തിൽ വെച്ച് തെരെഞ്ഞെടുത്തു. ബക്കർ ഹാജിയെ ചെയർമാനായും, ബീരാൻ കുട്ടി കരേക്കാട്, ഹംസക്കുട്ടി ഹാജി, നാസർ ഹാജി, സി. വി കുഞ്ഞു എന്നിവരെ വൈസ് ചെയർമാന്മാരായും തെരെഞ്ഞെടുത്തു.
ഗ്ലോബൽ കെഎംസിസിയുടെ നാട്ടിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനു വേണ്ടി ഒ. കെ കുഞ്ഞിപ്പയെ ചീഫ് കോഓർഡിനേറ്റർ ആയും കുഞ്ഞി മുഹമ്മദ് കൊളമ്പൻ, റഷീദ് മാറാക്കര എന്നിവരെ കോർഡിനേറ്റർമാരായും യോഗം തെരെഞ്ഞെടുത്തു.
കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് രണ്ടത്താണിയിൽ വെച്ച് നടന്ന യോഗത്തിൽ പ്രസിഡന്റ് ബഷീർ കുഞ്ഞു കാടാമ്പുഴ അധ്യക്ഷത വഹിച്ചു. ബക്കർ ഹാജി കരേക്കാട് യോഗം ഉദ്ഘാടനം ചെയ്തു. ഹംസക്കുട്ടി ഹാജി മേൽമുറി, നാസർ ഹാജി കല്ലൻ, പി. ടി അഷ്റഫ് മാസ്റ്റർ, ഒ. കെ മൊയ്ദീൻ (കുഞ്ഞിപ്പ), റഷീദ് മാറാക്കര, സൈഫുദ്ധീൻ (ബാപ്പു), സൈദ് മാറാക്കര തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി അബൂബക്കർ തയ്യിൽ സ്വാഗതവും വൈസ് പ്രസിഡന്റ് ഹുസൈൻ പനമ്പുലാക്കൽ നന്ദിയും പറഞ്ഞു.