ഇന്ത്യക്കാർക്ക് നേരിട്ട് പ്രവേശനം ഉടൻ ഉണ്ടാകില്ലേ? സഊദി ജവാസാത് ട്വീറ്റിൽ ആശങ്കയോടെ പ്രവാസികൾ

0
9812

റിയാദ്: ഇന്ത്യ ഉൾപ്പെടെ ഒമ്പത് രാജ്യങ്ങൾക്കുള്ള വിലക്ക് നിലനിൽക്കുന്നുവെന്ന് ഓർമ്മപ്പെടുത്തി സഊദി ജവാസാത്. ഈ രാജ്യങ്ങളിലെ പ്രവാസികൾക് മൂന്നാമത്തെ രാജ്യത്ത് രണ്ടാഴ്ച ചെലവഴിച്ചില്ലെങ്കിൽ സഊദിയിലേക്ക് പ്രവേശിക്കാൻ അനുവാദമില്ലെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസാത്ത്) ആവർത്തിച്ചു.

ഖത്തറും ചില യൂറോപ്യന്‍ രാജ്യങ്ങളും വാക്‌സിനെടുത്ത ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍ ഇല്ലാതെ പ്രവേശനം നല്‍കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സഊദി അറേബ്യയും ഇളവുകള്‍ നല്‍കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, ഇതിനിടെയാണ് ഇന്ത്യക്കാര്‍ക്കുള്ള വിലക്ക് തുടരുമെന്ന് സൂചന നൽകി സഊദി ജവാസാത്ത് വിലക്ക് ഓർമ്മപ്പെടുത്തിയത്.

നിലവിൽ, ഇന്ത്യ, പാകിസ്ഥാൻ, ഇന്തോനേഷ്യ, ഈജിപ്ത്, തുർക്കി, അർജന്റീന, ബ്രസീൽ, ദക്ഷിണാഫ്രിക്ക, ലെബനൻ എന്നിവയാണ് നിരോധനം നേരിടുന്ന രാജ്യങ്ങൾ. ഈ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് സഊദി നേരിട്ട് പ്രവേശനം അനുവദിക്കുന്നില്ല. ഇവർ മറ്റുള്ള രാജ്യങ്ങളിൽ 14 ദിവസം താമസിച്ച ശേഷമാണ് സഊദിയിലേക്ക് പ്രവേശിക്കേണ്ടത്.

2021 ഫെബ്രുവരിയിൽ സഊദി പൗരന്മാർ, നയതന്ത്രജ്ഞർ, ആരോഗ്യ വിദഗ്ധർ, അവരുടെ കുടുംബങ്ങൾ എന്നിവരൊഴികെ ഈ ഒമ്പത് രാജ്യങ്ങൾ ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. പിന്നീട് മെയ് 29 ന് ഇതിൽ പതിനൊന്നു രാജ്യങ്ങൾക്ക് നിരോധനം പിൻവലിച്ചിരുന്നു.