മക്ക: ഹജ്ജ് അനുമതിയില്ലാതെ തീർഥാടകരെ കയറ്റുന്നവരെ പിടികൂടിയാൽ ആറ് മാസത്തെ തടവും 50,000 റിയാൽ പിഴയും ലഭിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്) മുന്നറിയിപ്പ് നൽകി. വാഹനങ്ങൾ കണ്ടുകെട്ടുന്നതിനൊപ്പം പ്രാദേശിക മാധ്യമങ്ങളിൽ നിയമലംഘകന്റെ പേരുകൾ പ്രസിദ്ധീകരിക്കുകായും ചെയ്യും. വാഹനത്തിലെ അനധികൃത തീർത്ഥാടകരുടെ എണ്ണത്തിനനുസരിച്ച് പിഴ ഇരട്ടിയാക്കുമെന്നും മുന്നറിയിപ്പുണ്ട്.
നിയമപരമായ പെർമിറ്റ് ലഭിക്കാതെ വ്യാജ ഹജ്ജ് സ്റ്റാമ്പ് ഉപയോഗിച്ച് പിടിക്കപ്പെടുന്ന പ്രവാസികളെ പത്ത് വർഷത്തെ വിലക്കോടെ നാട് കടത്തുമെന്നും ജവാസാത്ത് മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ നാട് കടത്തപ്പെട്ടവർക്ക് ഹജ്ജ്, ഉംറ എന്നിവയ്ക്ക് മാത്രമേ രാജ്യം തിരിച്ചെത്താൻ അനുവാദമുള്ളൂ. ജോലിക്ക് വേണ്ടി അനുവാദം ഉണ്ടായിരിക്കുകയില്ല.
വിശുദ്ധ ഹറം, മക്കയിലെ സെൻട്രൽ ഹറം ഏരിയ എന്നിവിടങ്ങളിൽ പ്രവേശിക്കുന്നവർക്കും തസ്‌രീഹ് ഇല്ലാതെ മിന, മുസ്ദലിഫ, അറഫാത്ത് എന്നിവിടങ്ങളിലെ പുണ്യസ്ഥലങ്ങളിലും പ്രവേശിക്കുന്നവർക്ക് 10,000 രൂപ പിഴ ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും. ഹജ്ജ് വേളയിൽ കൊറോണ വൈറസ് മഹാമാരി വ്യാപിക്കുന്നത് തടയുന്നതിനായി പ്രതിരോധ പ്രോട്ടോക്കോളുകൾ ലംഘിക്കുന്നവർക്കെതിരായ ശിക്ഷാനടപടികളുടെ ഭാഗമാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി. ജൂലായ് അഞ്ചു മുതൽ ആരംഭിച്ച ഈ വിലക്ക് 18 വരെ നീണ്ടു നിൽക്കും.