ജിദ്ദ: അടിയന്തരാവസ്ഥയുടെ നാല്പത്തിയാറാം വാർഷികദിനത്തിൽ ‘സമീക്ഷ’ വായനാവേദി സംഘടിപ്പിച്ച പി.ജി.സ്മാരക പ്രതിമാസവായനാപരിപാടിയിൽ പ്രസിദ്ധ കഥാകൃത്ത് അയ്മനം ജോണിന്റെ “ചരിത്രം വായിക്കുന്ന ഒരാൾ ” എന്ന പുസ്തകത്തിൽ നിന്നുള്ള കഥയായ “അടിയന്തരാവസ്ഥയിലെ ആന” യുടെ ആസ്വാദനം മുസാഫിർ അവതരിപ്പിച്ചപ്പോൾ, ജനാധിപത്യധ്വംസനമരങ്ങേറിയ ആ കാലഘട്ടത്തിൻറെ ചരിത്രം സദസ്യരുടെ ഓർമ്മയിലെത്തി. ‘ആന’ എന്ന അധികാരചിഹ്നം കഥയ്ക്ക് നൽകുന്ന രാഷ്ട്രീയമാനങ്ങൾ ചർച്ച ചെയ്യപ്പെടുകയുണ്ടായി.
റോബിൻ ശർമ്മയുടെ “ഹൂ വിൽ ക്രൈ വെൻ യു ഡൈ?” എന്ന പുസ്തകത്തെ സദസ്സിനു പരിചയപ്പെടുത്തിക്കൊണ്ട് രാജീവ് എസ്. നായർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ആധുനിക ജീവിതത്തിലെ പ്രശ്നങ്ങൾക്ക് ലളിതമായ പരിഹാരങ്ങൾ നിർദ്ദേശിക്കുന്ന ഈ പുസ്തകം വ്യക്തിത്വ വികാസത്തിനും സ്വഭാവരൂപീകരണത്തിനും എപ്രകാരം പ്രയോജനപ്പെടുമെന്ന് അദ്ദേഹം വിശദീകരിച്ചു.
കോഴിക്കോട് നഗരത്തിലെ കല്ലായി എന്ന പ്രദേശത്തിന്റെ ചരിത്രത്തിലേക്കും സാംസ്കാരികപ്പഴമകളിലേക്കും വാമൊഴിവഴക്കങ്ങളിലേക്കും വെളിച്ചം വീശുന്ന, സാദിക്ക് കുണ്ടുങ്ങൽ രചിച്ച “കല്ലായിപ്പുഴയുടെ തീരങ്ങളിൽ” സന്തോഷ് വടവട്ടത്ത് പരിചയപ്പെടുത്തി.
വികസനത്തിന്റെയും രാഷ്ട്രനിർമ്മാണത്തിന്റെയും പേരിൽ ഇരകളാക്കപ്പെടുന്ന നിസ്വവർഗ്ഗത്തിന്റെ കഥ പറയുന്ന സാറാ ജോസഫിന്റെ നോവലായ “ബുധിനി” യുടെ ആസ്വാദനം അനുപമ ബിജുരാജ് നിർവഹിച്ചു. സാന്താൾ വംശജയായ ബുധിനി എന്ന പെൺകുട്ടിയുടെ ജീവിതം ഭരണകൂടഇടപെടലുകളിലൂടെ മാറിമറിയുന്നത്തിന്റെ കഥ ഒരു പുതിയ വായനാനുഭവമായി.
പ്രശസ്ത അമേരിക്കൻ എഴുത്തുകാരിയും വിമോചക പ്രവർത്തകയുമായ ഹാരിയറ്റ് ബീച്ചര്‍ സ്റ്റോവിന്റെ “അങ്കിൾ ടോം’സ് ക്യാബിൻ” എന്ന നോവലിന്റെ വായനാനുഭവം പങ്കുവച്ചുകൊണ്ട് ഷാജു അത്താണിക്കൽ സംസാരിച്ചു. ‘അങ്കിൾ ടോം’ എന്ന അടിമയുടെ ദുരന്തപൂർണമായ ജീവതകഥ പറയുന്ന ഈ നോവൽ, അടിമത്ത വ്യവസ്ഥയ്‌ക്കെതിരെ ലോകമനസ്സാക്ഷിയെ തട്ടിയുണര്‍ത്തിയ കൃതി എന്ന നിലയിലും, അമേരിക്കയിലെ വരേണ്യവർഗ്ഗത്തിന്റെ മൂല്യച്യുതി തുറന്നു കാട്ടിയ രചന എന്ന നിലയിലും ഇന്നും പ്രസക്തമാണെന്ന് അദ്ദേഹം വിലയിരുത്തി.
പ്രശസ്ത മറാഠി എഴുത്തുകാരൻ ശിവാജി സാവന്തിന്റെ വിഖ്യാത നോവൽ “മൃത്യുഞ്ജയ/കർണ്ണൻ ” സജി ചാക്കോ അവതരിപ്പിച്ചു. മഹാഭാരത്തിലെ ഉജ്വല കഥാപാത്രമായ കർണ്ണന്റെ ആത്മകഥാഖ്യാനമെന്ന രീതിയിൽ എഴുതപ്പെട്ട ഈ നോവൽ, ഭാരതകഥയുടെ ഒരു വർത്തമാനകാല പുനർവായന എന്ന നിലയിലും പ്രസക്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സാമ്പ്രദായിക രീതികളിൽനിന്ന് വ്യത്യസ്തമായി പണത്തെ എങ്ങനെ സമീപിക്കാം എന്ന് കഥകളിലൂടെയും ഉദാഹരണങ്ങളിലൂടെയും സരസമായി വിവരിക്കുന്ന, മോർഗൻ ഹൗസലിന്റെ ” സൈക്കോളജി ഓഫ് മണി ” എന്ന പുസ്തകത്തിന്റെ വായനാനുഭവം അസൈൻ ഇല്ലിക്കൽ പങ്കുവച്ചു.
ദാമ്പത്യത്തിലെ കപടനാട്യങ്ങളും വഞ്ചനയും വിശ്വാസത്തകർച്ചയും പ്രമേയമാകുന്ന മാധവിക്കുട്ടിയുടെ ” ചതി” എന്ന കഥ റഫീഖ് പത്തനാപുരം അവതരിപ്പിച്ചു.
വീരാൻകുട്ടിയുടെ ” മിണ്ടാപ്രാണി” എന്ന കാവ്യസമാഹാരത്തിലെ കവിതകളുടെ ആസ്വാദനം ഹംസ മദാരി നിർവഹിച്ചു. പ്രമേയ സ്വീകരണത്തിലും, കാവ്യബിംബങ്ങളുടെ തെരഞ്ഞെടുപ്പിലും കവി പുലർത്തുന്ന ലാളിത്യവും, അദ്ദേഹത്തിന്റെ കവിതകളിൽ തെളിയുന്ന പ്രകൃതിയും സ്ത്രീപക്ഷനിലപാടുകളും ചർച്ചയിൽ പരാമർശിക്കപ്പെട്ടു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇമ്പാല ഗാർഡനിൽ നടന്ന ചടങ്ങിന്റെ തുടക്കത്തിൽ, എസ്. രമേശൻ നായർ, പൂവച്ചൽ ഖാദർ, സുഹ്‌റ പടിപ്പുര എന്നിവരുടെ നിര്യാണത്തിൽ റഫീഖ് പത്തനാപുരം അനുശോചനപ്രമേയം അവതരിപ്പിച്ചു. പ്രസിഡണ്ട് ഹംസ മദാരി അധ്യക്ഷത വഹിച്ചു. കിസ്മത്ത് മമ്പാട് ചർച്ചകൾക്ക് നേതൃത്വം നൽകി.
ബിജുരാജ് രാമന്തളി, സുനിത പത്തുതറ, സലീന മുസാഫിർ, മുഹമ്മദ് സാദത്ത്, ഷറഫുദ്ദീൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.