റിയാദ്: “മോഡേർണ” കൊറോണ വൈറസ് വാക്സിൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള അനുമതി ഫുഡ് ആൻഡ് ഡ്രഗ് ജനറൽ അതോറിറ്റി പ്രഖ്യാപിച്ചു. രജിസ്ട്രേഷൻ അംഗീകരിക്കാൻ അഭ്യർത്ഥിച്ച് “മോഡേർണ” കമ്പനി സമർപ്പിച്ച അഭ്യർത്ഥന പരിഗണിച്ച് പൂർണ്ണ പരിശോധനയും വിശകലനവും പഠനവും നടത്തിയതിനു ശേഷമാണ് ഇറക്കുമതിക്ക് അനുമതി നൽകിയത്. കമ്പനി നൽകിയ ഡാറ്റയെ അടിസ്ഥാനമാക്കി പ്രീ-ക്ലിനിക്കൽ ട്രയലുകളിലൂടെ ഫലപ്രാപ്തിയും സുരക്ഷയും ഉൾപ്പെടെയുള്ള നിരവധി ഘട്ടങ്ങൾക്ക് ശേഷമാണ് അന്തിമ അനുമതി നൽകിയത്.
ഉൽപ്പാദനത്തിലെ ശാസ്ത്രീയ ഡാറ്റ അവലോകനം, ഉൽപാദന ഘട്ടങ്ങളുടെ പരിശോധന, ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിലെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ഉൾപ്പെടെയുള്ള പരിശോധനകളും പൂർത്തിയാക്കിയിട്ടുണ്ട്. മോഡേർണ കമ്പനി സമർപ്പിച്ച ഡാറ്റ പഠിക്കാൻ അതോറിറ്റി വിദഗ്ധരുമായും പ്രത്യേക പ്രാദേശിക, അന്തർദേശീയ ശാസ്ത്രജ്ഞരുമായും കമ്പനികളുമായും അതിന്റെ പ്രതിനിധിയുമായും വിശകലനങ്ങൾ നടത്തി. പകർച്ചവ്യാധികൾക്കായുള്ള ശാസ്ത്ര ഉപദേശക സംഘത്തിന്റെയും ക്ലിനിക്കൽ പഠനത്തിനുള്ള ഉപദേശക സമിതിയുടെയും പഠന റിപ്പോർട്ടുകളും വിലയിരുത്തിയിരുന്നു.

ബന്ധപ്പെട്ട ആരോഗ്യ അധികാരികൾ മാനദണ്ഡങ്ങൾക്കും ആവശ്യകതകൾക്കും അനുസൃതമായി ഇറക്കുമതി നടപടിക്രമങ്ങൾ ആരംഭിക്കുമെന്ന് അതോറിറ്റി വിശദീകരിച്ചു. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ഓരോ മരുന്ന് ഷിപ്പിങ്ങുകളുടെയും ഗുണനിലവാരം ഉറപ്പാക്കുന്നതിന് ഇറക്കുമതി സമയത്ത് അതോറിറ്റി സാമ്പിളുകൾ പരിശോധിക്കും.
ബ്രിട്ടന്റെ “അസ്ട്രസെനെക” വാക്സിൻ, “ഫൈസർ-ബയോടെക്” വാക്സിൻ, ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ എന്നിവ അംഗീകരിച്ചതായി നേരത്തെ തന്നെ സഊദി അറേബ്യ അറിയിച്ചിരുന്നു.