ജിദ്ദ: ജമ്മുകശ്‌മീരിലെ ദുരിതം നേരിട്ട് കാണാൻ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ. ഇവിടെ സന്ദർശനം നടത്തുന്നതിന്റെ ഭാഗമായി ഒഐസി സെക്രറട്ടറി ജനറൽ സഊദിയിലെ ഇന്ത്യൻ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ നയതന്ത്രജ്ഞനും ഒ.ഐ.സി സെക്രട്ടറി ജനറലും തമ്മിലുള്ള അപൂർവ കൂടിക്കാഴ്ച ജൂലൈ 5 നാണ് ജിദ്ദയിൽ നടന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ജമ്മു കശ്മീരിലേക്ക് പ്രതിനിധി സംഘത്തെ അയക്കാനും ഇന്ത്യയിലെ മുസ്‌ലിംകളുടെ അവസ്ഥയെക്കുറിച്ച് പ്രശ്‌നങ്ങൾ ഉന്നയിക്കുകയും ചെയ്തതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 57 അംഗ ഇസ്‌ലാമിക് രാജ്യങ്ങളുടെ കൂട്ടായ്‌മയാണ് ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ
“സെക്രട്ടറി ജനറൽ, ഇന്ത്യൻ അംബാസഡർ ഔസാഫ് സഈദിനെ സ്വാഗതം ചെയ്യുകയും ജമ്മു കശ്മീർ തർക്കത്തിനൊപ്പം ഇന്ത്യയിലെ മുസ്‌ലിംകളുടെ അവസ്ഥയും വിഷയത്തിൽ ചർച്ച ചെയ്തതായും റിപ്പോർട്ട് വെളിപ്പെടുത്തി. ഏകപക്ഷീയമായ നടപടികളെ എതിർക്കുന്ന പ്രസക്തമായ യുഎൻ, ഒഐസി പ്രമേയങ്ങളും അവലോകനം ചെയ്‌തതായും ഒ.ഐ.സി വെളിപ്പെടുത്തി. അതേസമയം, കൂട്ടായ്‌മയുടെ അഭ്യർഥന മാനിച്ചാണ് കൂടിക്കാഴ്ച നടത്തിയതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. “നിരവധി വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടു. എന്നാൽ, ഇന്ത്യയെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകൾ പരിഹരിക്കേണ്ടതിന്റെ ആവശ്യകത അംബാസഡർ അറിയിച്ചതയായി ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു.
അതേസമയം, ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായപെപ്പടുന്നതിനോ പക്ഷപാതപരവും ഏകപക്ഷീയവുമായ പ്രമേയങ്ങളിലൂടെ ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്തുന്നതിന് നിക്ഷിപ്ത താൽപ്പര്യമുള്ളവർ ഒഐസി പ്ലാറ്റ്ഫോം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് അംബാസഡർ സഈദ് ഒ.ഐ.സിയോട് ആവശ്യപ്പെട്ടു.