ജൂലൈ 12 മുതല്‍ ഖത്തറിലേക്ക് സന്ദര്‍ശക വിസകള്‍ അനുവദിക്കും; വാക്‌സിനെടുത്ത ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍ ഇളവ്

0
4720

ദോഹ: ഖത്തറിലേക്ക് ജൂലൈ 12 മുതൽ വരുന്നവര്‍ക്കുള്ള യാത്രാ നിയന്ത്രണങ്ങളിലെ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ ആശ്വാസം പകരുന്ന രീതിയിലാണ് പ്രഖ്യാപനം. ജൂലൈ 12 മുതല്‍ ഫാമിലി വിസിറ്റ്, ടൂറിസ്റ്റ്, ബിസിനസ് വിസകളും അനുവദിച്ചു തുടങ്ങും. വിമാന കമ്പനികള്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്കും ലഭിച്ച ഇത് സംബന്ധമായ അറിയിപ്പിന്റെ കോപ്പി ഖത്തര്‍ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.

പൂര്‍ണമായും വാക്‌സിനെടുത്തവര്‍ക്കും ഖത്തറില്‍ നിന്ന് 9 മാസത്തിനിടെ കൊവിഡ് വന്ന് ഭേദമായവര്‍ക്കും ക്വാറന്റീന്‍ ആവശ്യമില്ല. ഇതു പ്രകാരം വാക്‌സിനെടുത്ത ഇന്ത്യക്കാര്‍ക്കും ക്വാറന്റീന്‍ ഇളവ് ലഭിക്കും. കൊവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യങ്ങളെ ഗ്രീന്‍, യെല്ലോ, റെഡ് എന്നിങ്ങനെ മൂന്ന് കാറ്റഗറികളായി തിരിച്ചും രോഗപ്രതിരോധം കൈവരിച്ചതിന്റെ അടിസ്ഥാനത്തില്‍ അഞ്ച് വിഭാഗങ്ങളായി തിരിച്ചുമാണ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നത്.

ഇന്ത്യയെ റെഡ് കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഗള്‍ഫ് രാജ്യങ്ങള്‍ മുഴുവന്‍ യെല്ലോ കാറ്റഗറിയിലാണ്.

ഖത്തർ പൗരന്മാരും റെസിഡന്റ് വിസയുള്ളവരുമാണ് ഗ്രൂപ്പ് എ യിൽ ഉള്ളത്. എന്നാൽ, ഇതേ കാറ്റഗറിയിലുള്ളവരിൽ ഭാഗികമായി വാക്‌സിനെടുത്തവര്‍, വാക്‌സിനെടുത്ത് 14 ദിവസം പൂര്‍ത്തിയാക്കാത്തവര്‍, ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമില്ലാത്ത വാക്‌സിനെടുത്തവര്‍, ഖത്തറിന് പുറത്ത് നിന്ന് 9 മാസത്തിനിടെ കൊവിഡ് വന്ന് ഭേദമായവര്‍- ഗ്രീന്‍ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ആണെങ്കില്‍ 5 ദിവസം ഹോം ക്വാറന്റീനും യെല്ലോ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ 7 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീനും റെഡ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീനും പൂർത്തിയാക്കണം.

ഫാമിലി വിസിറ്റ്, ബിസിനസ്, ടൂറിസ് വിസ എന്നിവ ഗ്രൂപ്പ്‌ ബി യിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവരിലും വാക്‌സിനെടുത്തവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ല. 9 മാസത്തിനിടെ രോഗം വന്ന് ഭേദമായ ജിസിസി പൗരന്മാര്‍ക്കും ഇളവുണ്ട്. വാക്‌സിനെടുത്ത രക്ഷിതാക്കളോടൊപ്പം വരുന്ന 3 വയസ്സുവരെ പ്രായമുള്ളവര്‍ക്കും ഇളവുണ്ട്. എന്നാൽ, വാക്‌സിനെടുക്കാത്തതോ ഭാഗികമായി വാക്‌സിനെടുത്തവരോ ആളുകള്‍ക്ക് വിസിറ്റ് വിസ അനുവദിക്കില്ല

എല്ലാ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും യാത്രയുടെ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം, റെഡ് കാറ്റഗറിയില്‍പ്പെട്ട രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ഖത്തറിലെത്തിയാല്‍ വീണ്ടും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണം,
വാക്‌സിനെടുക്കാത്തവരും ഭാഗികമായി വാക്‌സിനെടുത്തവരും റെഡ് കാറ്റഗറിയില്‍പ്പെട്ടവരും ഇടക്കിടെ ടെസ്റ്റ് നടത്തണം, യാത്രയുടെ 12 മണിക്കൂര്‍ മുമ്പ് www.ehteraz.gov.qa എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം തുടങ്ങിയ നിബന്ധനകൾ പാലിക്കണമെന്നും നിർദേശമുണ്ട്.