സഊദിയിൽ സ്പോൺസർഷിപ്പ് മാറ്റം ഇനി എളുപ്പമല്ല, നിബന്ധനകൾ വീണ്ടും കർശനമാക്കി

0
6124

റിയാദ്: സഊദിയിൽ വിദേശികൾക്ക് ജോലി മാറ്റം ഇനി എളുപ്പമാകില്ല. സ്‌പോൺസർഷിപ്പ് മാറ്റത്തിനുള്ള വ്യവസ്ഥകൾ മന്ത്രാലയം കർശനമാക്കിയതോടെയാണിത്. സ്ഥാപങ്ങങ്ങളിലെ വിവിധ രാജ്യക്കാരുടെ എണ്ണത്തിലെ അനുപാതം അടക്കം നിബന്ധനകളിൽ ഉൾപ്പെടുന്നുണ്ട്. വിദേശികൾക്ക് കരാർ കാലാവധി കഴിയുന്നതോടെ സ്വന്തമായി തൊഴിൽ മാറാൻ സാധിക്കുന്ന സംവിധാനം മന്ത്രാലയം പ്രാബല്യത്തിൽ കൊണ്ട് വന്നിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നിബന്ധനകൾ.

ഒരു സ്ഥാപനത്തിലേക്ക് മാറുന്ന വിദേശിക്ക് ആ സ്ഥാപനത്തിൽ തന്റെ രാജ്യക്കാരുടെ എണ്ണം 40 ശതമാനത്തിലധികമാണെങ്കിൽ അവിടേക്ക് സ്‌പോൺസർഷിപ്പ് മാറാൻ സാധിക്കില്ല. പകരം, സ്ഥാപനം മറ്റു രാജ്യങ്ങളിലെ പൗരന്മാരെ നിയമിച്ച് നിയമന തോത് സന്തുലിതമാക്കിയാൽ മാത്രമേ സാധിക്കൂ. കൂടാതെ, സഊദി വത്കരണ തോത് പാലിക്കാതിരിക്കൽ, നേരത്തെ ഇഷ്യു ചെയ്ത തൊഴിൽ വിസ റദ്ദാക്കാതിരിക്കൽ, ലൈസൻസുകൾ പുതുക്കാതിരിക്കൽ തുടങ്ങിയ കാര്യങ്ങൾ ഉണ്ടെങ്കിലും ആ സ്ഥാപനത്തിലേക്ക് സ്പോൺസർഷിപ്പ് മാറാൻ സാധിക്കില്ല.

രണ്ട് മാസം മുമ്പാണ് കരാർ കാലാവധി കഴിയുന്ന മുറക്ക് വിദേശിക്ക് ‘ഖിവ’ പോർട്ടൽ വഴി സ്വന്തമായി തൊഴിൽ മാറ്റം മന്ത്രാലയം അനുവദിച്ചു തുടങ്ങിയത്. ആദ്യ ഘട്ടത്തിൽ ഇത് എളുപ്പം ആയിരുന്നെങ്കിലും പിന്നീട് നിബന്ധനകളിൽ മാറ്റം വരുത്തിയിരുന്നു. ഇപ്പോൾ സ്പോൺസർഷിപ്പ് മാറ്റം പൂർത്തിയാകണമെങ്കിൽ ഖിവ പോർട്ടലിൽ 90 ദിവസത്തെ സമയ പരിധിയും ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ നിബന്ധനകൾ കൂടി ഏർപ്പെടുത്തിയതോടെ സ്പോൺസർഷിപ്പ് മാറ്റം ഇനി കൂടുതൽ ബുദ്ധിമുട്ടാകും.