റിയാദിനെയും ജിദ്ദയെയും ബന്ധിപ്പിച്ച് ട്രെയിൻ സർവ്വീസ് വരുന്നു

0
1423

റിയാദ്: സഊദിയുടെ തലസ്ഥാന നഗരമായ റിയാദിനെയും പടിഞ്ഞാറൻ തീരദേശ നഗരമായ ജിദ്ദയെയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽ പദ്ധതി വരുമെന്നു ഗതാഗത മന്ത്രി. പുതിയ ദേശീയ വിമാന കമ്പനി സ്ഥാപിക്കുമെന്നും ഗതാഗത, ലോജിസ്റ്റിക് സേവന മന്ത്രി സാലിഹ് അൽ ജാസർ വ്യക്തമാക്കി. ഗതാഗത, ലോജിസ്റ്റിക്‌സിനായുള്ള ദേശീയ പദ്ധതിയുടെ ഭാഗമായാണ് ഈ അഭിലാഷ പദ്ധതികൾ എന്ന് മന്ത്രി അറിയിച്ചു.

രാജ്യത്ത് റോഡ് ശൃംഖലയുടെ ഗുണനിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുപുറമെ, രാജ്യത്തിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ലാൻഡ് ബ്രിഡ്ജ് പദ്ധതിയുടെ പൂർത്തീകരണമാണ് ഇതിൽ പ്രധാനം. ആഗോള ലോജിസ്റ്റിക് പ്ലാറ്റ്ഫോമുകളും സോണുകളും ഉൾപ്പെടെ വ്യോമയാനത്തിനായി അന്താരാഷ്ട്ര കേന്ദ്രങ്ങളും സ്ഥാപിക്കും. സുപ്രധാന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലൂടെ സഊദി നഗരങ്ങളിലെ ജീവിതനിലവാരം ഉയർത്തുന്നതിലാണ് പുതിയ പദ്ധതികൾ കേന്ദ്രീകരിക്കുക. റോഡുകളിലെ മരണനിരക്ക് 52 ശതമാനം കുറയ്ക്കുക, ഊർജ്ജ ഉപഭോഗം 25 ശതമാനം കുറയ്ക്കുക, നഗരങ്ങളിലെ മൊത്തം യാത്രകളിൽ നിന്ന് പൊതുഗതാഗതത്തിന്റെ വിഹിതം 15 ശതമാനത്തിലേക്ക് ഉയർത്തുക എന്നിവയാണ് ഇവയിൽ പ്രധാനം.

ദേശീയ ജിഡിപിയിൽ ഗതാഗത, ലോജിസ്റ്റിക് മേഖലയുടെ സംഭാവന നിലവിൽ ആറ് ശതമാനത്തിന് പകരം 10 ശതമാനമായി ഉയർത്തുക എന്നതും പ്രധാന ലക്ഷ്യമാണ്. റോഡ് ശൃംഖലയുടെ പരസ്പര ബന്ധത്തിൽ ലോകത്ത് ഒന്നാം സ്ഥാനം നേടുന്നതിനൊപ്പം യാത്രക്കാരുടെ ശേഷി 330 ദശലക്ഷത്തിലെത്താനും പ്രതിവർഷം 4.5 ദശലക്ഷം ടണ്ണിലധികം വിമാന കാർഗോയും ലക്ഷ്യമിടുക്കുന്നുണ്ട്. കൂടാതെ 250 ലധികം അന്താരാഷ്ട്ര കേന്ദ്രങ്ങളും സഊദി അറേബ്യാ ലക്ഷ്യമിടുന്നുണ്ട്.