റിയാദ്: കൊവിഡ് പ്രതിരോധ രംഗത്ത് ഏറെ ശ്രദ്ധ നേടിയ സിംഗിൾ ഡോസ് വാക്സിനായ ജോൺസൺ ആൻഡ് ജോൺസർ വാക്‌സിൻ സഊദിയിലേക്ക് ഉടൻ എത്തിച്ചേരും. ഇതടക്കം കമ്പനിയുമായി സഊദി അറേബ്യ വിവിധ കരാറുകളിൽ ഒപ്പിട്ടു. സഊദി ഇൻവെസ്റ്റ്‌മെന്റ് മന്ത്രി ഡോ: ഖാലിദി അൽ ഫാലിഹാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാർമസ്യുട്ടിക്കൽ കമ്പനിയുമായി സഹകരിച്ച് ജോൺസൺ ആൻഡ് ജോൺസൺ കമ്പനിക്ക് വേണ്ടി രണ്ടു വിധത്തിലുള്ള അഡ്വാൻസ്‌ഡ് മരുന്ന് നിർമ്മാണം ഉൾപ്പെടെയുള്ള കരാറുകളിലാണ് ഏർപ്പെട്ടത്.
ജോൺസൺ ആൻഡ് ജോൺസൺ പുറത്തിറക്കുന്ന വാക്‌സിൻ ഉടൻ തന്നെ സഊദിയിൽ ഇറക്കുമതി ചെയ്യും. വളരെ ഉയർന്ന കൃത്യതത്തോടെയാണ് കമ്പനി ഈ വാക്‌സിൻ നിർമ്മിച്ചിരിക്കുന്നത്. വാക്‌സിൻ, കൊറോണ തുടങ്ങിയ വിഷയങ്ങളിൽ ഊന്നിയുള്ള കരാറുകളാണ് കമ്പനിയുമായി സഊദി അറേബ്യ ഏർപ്പെട്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്തെ പൊതുവായ രോഗങ്ങളെ കുറിച്ച് പഠനം നടത്തുന്നതിന് കിംഗ് അബ്ദുല്ലാഹ് യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുമായും ബയോളജിക്കൽ ട്രീറ്റ്മെന്റിനും, ആന്റിബയോട്ടിക് തുടങ്ങിയവയുടെ പഠനത്തിനും നിർമ്മാണത്തിനും രാജ്യത്തെ ഉയർന്ന കമ്പനികളുമായും ജോൺസർ ആൻഡ് ജോൺസൺ കമ്പനി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. നവീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ക്ലിനിക്കൽ പരീക്ഷണം, പഠനം, തുടങ്ങിയ കാര്യങ്ങൾക്കാണ് കരാറുകൾ.
നിലവിൽ സഊദിയിൽ ഇതുൾപ്പെടെ നാല് വാക്സിനുകൾക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. എന്നാൽ, നിലവിൽ നിലവിൽ ഫൈസർ, ആസ്ത്രസെനിക വാക്‌സിനുകൾ മാത്രമേ ലഭ്യമുള്ളുവെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ജോൺസൺ കൂടി എത്തിയാൽ കൂടുതൽ ആശ്വാസമാകും. മോഡർന വാക്സിനാണ് മന്ത്രാലയം അംഗീകരിച്ച മറ്റൊരു വാക്‌സിൻ.