റിയാദ്: രാജ്യത്ത് ഇത് വരെ വകഭേദം സംഭവിച്ച ഇന്ത്യൻ ഡെൽറ്റ വൈറസ് കണ്ടെത്തിയിട്ടില്ലെന്ന് സഊദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇത് രാജ്യത്തേക്ക് എത്തുന്നത് പൂർണ്ണമായും തടയാൻ കഴിയില്ലെങ്കിലും തടയുന്നതിന്റെ ഭാഗമായാണ് നിലവിലെ നേരിട്ടുള്ള പ്രവേശന നിയന്ത്രണങ്ങൾ പോലെയുള്ള നടപടികളെന്നും ആരോഗ്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി. റൊട്ടാന ഖലീജിയ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി.
“ഡെൽറ്റ” വകഭേദത്തെ കുറിച്ചുള്ള ചോദ്യത്തിന്, വൈറസും അതിന്റെ വകഭേദങ്ങളും രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നത് തടയാൻ കഴിയില്ലെന്നായിരുന്നു ആരോഗ്യ മന്ത്രാലയ വക്താവിന്റെ പ്രതികരണം. എന്നാൽ പ്രധാന കാര്യം രാജ്യങ്ങൾക്ക് എത്രത്തോളം ഇവ നിരീക്ഷിക്കാൻ കഴിയും എന്നതാണ്, പ്രവേശന കവാടങ്ങളിലെ നിയന്ത്രണങ്ങളും പ്രവേശന വിലക്ക് രാജ്യങ്ങളുടെ പട്ടിക പോലുളള, പിന്തുടരുന്ന നടപടിക്രമങ്ങളും ഇതിന്റെ പ്രാധാന്യം വിളിച്ചോതുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് നേരിട്ടുള്ള പ്രവേശന വിലക്ക് കൂടാതെ ക്വാറന്റൈൻ പോലെയുള്ള കാര്യങ്ങൾ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ ആഗോള മുൻഗണന ആളുകളെ സംരക്ഷിക്കുന്നതിനും വ്യാപനത്തിന്റെ ശൃംഖല തകർക്കുന്നതിനുമായി വാക്സിനുകളുടെ ആദ്യ ഡോസ് നൽകുക, തുടർന്ന് രണ്ടാമത്തെ ഡോസ് ഉപയോഗിച്ച് പ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നതാണ്. തുടർന്ന് മഹാമാരി അവസാനിപ്പിച്ച് വൈറസിന്റെ പുതിയ പരിവർത്തനങ്ങൾ തടയുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.