റിയാദ്: സഊദിയിൽ സെക്കന്റ് ഡോസ് മറ്റു കമ്പനികളുടെ വാക്സിൻ നൽകാൻ സാധ്യത. ഇതിനായുള്ള പഠനങ്ങൾ നടക്കുന്നതായാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. രാജ്യത്തിലെ ദേശീയ കമ്മിറ്റികൾ ഈ ഗവേഷണങ്ങൾ പിന്തുടരുകയാണെന്നും ഇത് സംബന്ധിച്ച് എന്തെങ്കിലും പുരോഗതിയുണ്ടായാൽ അത് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു. നിരവധി രാജ്യങ്ങൾ മിക്സ് മാച്ച് വാക്സിൻ ഡോസ് പ്രയോഗിച്ചു തുടങ്ങിയിട്ടുണ്ട്.
വ്യത്യസ്ത കൊറോണ വാക്സിനുകൾ സ്വീകരിക്കുന്നതിൽ സുരക്ഷയും ഫലപ്രാപ്തിയും തെളിയിക്കുന്ന നിരവധി പഠനങ്ങളുണ്ട്. ചില രാജ്യങ്ങൾ ഇതിനകം തന്നെ ഇത് പ്രയോഗിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മറ്റ് വാക്സിൻ നിർമ്മാതാക്കളിൽ നിന്ന് അംഗീകാരം ലഭിച്ചാലുടൻ രണ്ടാമത്തെ ഡോസുകൾ നൽകുന്നത് സഊദി അറേബ്യയ്ക്ക് പരിഗണിക്കാമെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചു. യുഎസ്, കാനഡ, ബ്രിട്ടൻ, യുഎഇ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ മിക്സ്-മാച്ച് വാക്സിൻ ഡോസുകൾ പ്രയോഗിച്ച് തുടങ്ങിയിട്ടുണ്ട്.
അതേസമയം, രാജ്യത്ത് ഓക്സ്ഫോർഡ്-അസ്ട്രാസെനെക്ക വാക്സിൻ ലഭ്യതയിൽ കുറവുണ്ടെന്ന വാദം മന്ത്രാലയം നോഷേധിച്ചു. വാക്സിൻ ഇപ്പോഴും ലഭ്യമാണെന്നും വിതരണം ചെയ്യുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 16.6 ദശലക്ഷത്തിലധികം ഡോസുകൾ വാക്സിനേഷൻ നൽകിയിട്ടുണ്ട്. പ്രതിദിനം 107,857 ഡോസുകളാണ് നൽകുന്നത്. സഊദി അറേബ്യയിലെ ജനസംഖ്യയുടെ 47.7 ശതമാനത്തിലധികം പേർക്ക് കുറഞ്ഞത് ഒരു ഡോസ് എങ്കിലും നൽകിയെന്നും മന്ത്രാലയം അറിയിച്ചു.
സഊദി വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകുക