മസ്കത്ത്: രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ രാത്രി കാല കർഫ്യു വീണ്ടും പ്രഖ്യാപിച്ച് ഭരണകൂടം. ഇന്ന് മുതൽ അനിശ്ചിതകാല രാത്രി കാല കർഫ്യു ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. ഇത് പ്രകാരം ഇന്ന് മുതൽ രാത്രി എട്ട് മുതൽ പുലർച്ചെ നാലുവരെ വ്യക്തികളുടെയും വാഹനങ്ങളുടെയും സഞ്ചാരം അനുവദിക്കുകയില്ല.
ഇതോടൊപ്പം എല്ലാ വാണിജ്യ സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും അടച്ചിടുകയും വേണം. എന്നാൽ, ഹോം ഡെലിവറിയും മുൻകാല വിലക്കുകളിൽ ഇളവുണ്ടായിരുന്ന വിഭാഗങ്ങളെയും യാത്രാവിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ രാജ്യത്തെ ആരോഗ്യ മേഖല കനത്ത സമ്മർദത്തിലാണെന്ന് സുപ്രീം കമ്മിറ്റി യോഗം വിലയിരുത്തി.