റിയാദ്: രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച പ്രവാസികൾക്ക് കേന്ദ്ര സർക്കാരിന്റെ ഫൈനൽ വാക്സിൻ സട്ടിഫിക്കറ്റ് ലഭ്യമായി തുടങ്ങി. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കാണ് കൊവിൻ സൈറ്റിൽ നിന്ന് വാക്സിൻ പൂർണ്ണായും എടുത്തെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ലഭ്യമാകുന്നത്. ഇത് പ്രകാരം തവക്കൽന പോലെയുള്ള സഊദി യാത്രികാർക്ക് ആവശ്യമായ കാര്യങ്ങൾ ബുദ്ധിമുട്ടുകൾ കൂടാതെ തന്നെ അപ്ഡേറ്റ് ചെയ്യാനാകുകെന്നാണ് പ്രതീക്ഷ.
കേന്ദ്ര സർക്കാരിന്റെ ഫൈനൽ സർട്ടിഫിക്കറ്റിൽ പ്രവാസികൾക്ക് ആവശ്യമായ മുഴുവൻ കാര്യങ്ങളും അടങ്ങിയിട്ടുണ്ട്. ബാച്ച് നമ്പർ, പാസ്പോർട്ട് നമ്പർ, റഫറൻസ് ഐഡി, ക്യു ആർ കോഡ് എന്നിങ്ങനെ മുഴുവൻ കാര്യങ്ങളും ഉൾകൊള്ളുന്നതാണ് സർട്ടിഫിക്കറ്റ്. അതിനാൽ തന്നെ ആരോഗ്യ മന്ത്രാലയ വെബ്സൈറ്റിൽ തവക്കൽന അപ്‌ഡേറ്റിന് വേണ്ടി അപ്‌ലോഡ് ചെയ്യുവാനും സാധ്യമാകും.
കേന്ദ്ര സർക്കാരിന്റെ ആദ്യ ഡോസ് സർട്ടിഫിക്കറ്റ് കേന്ദ്ര സർക്കാരിന്റെ രണ്ടാം ഡോസ് സർട്ടിഫിക്കറ്റ്
നേരത്തെ, കേരള സർക്കാരിന്റെ സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പർ ഉൾപ്പെടെ ആവശ്യമായ കാര്യങ്ങൾ ഒന്നുമില്ലാത്തതിനാൽ പലരുടെയും അപേക്ഷ സഊദി ആരോഗ്യ മന്ത്രാലയം തള്ളിയിരുന്നു. അതിനാൽ തന്നെ പലർക്കും തവക്കൽന അപ്ഡേറ്റ് ചെയ്യാൻ സാധിച്ചിരുന്നില്ല. കേന്ദ്ര സർക്കാർ ഫൈനൽ സർട്ടിഫിക്കറ്റ് ലഭ്യമാകുന്നതോടെ ഇതിന് പരിഹാരമാകുമെന്നാണ് കരുതുന്നത്.