ഇഖാമ, റീഎൻട്രി, വിസിറ്റ് വിസ കാലാവധി ജനുവരി 31ന് ശേഷം 10 ദിവസത്തേക്ക് നീട്ടി നൽകും

0
1318

റിയാദ്: നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ റസിഡൻസി പെർമിറ്റ് (ഇഖാമ), എക്സിറ്റ് റീഎൻട്രി വിസ, വിസിറ്റ് വിസകൾ എന്നിവയുടെ കാലാവധി ജനുവരി 31 ന് ശേഷം 10 ദിവസത്തേക്ക് കൂടി എന്നിവ ഓട്ടോമാറ്റിക് ആയി നീട്ടി നൽകും. വൈറസ് മഹാമാരിയെത്തുടർന്ന് യാത്ര താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കും സന്ദർശകർക്കും ആശ്വാസകരമാണ് ഈ റിപ്പോർട്ട്. സഊദി ഗസറ്റ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം, നിലവിൽ ഇന്ത്യക്കാർക്ക് ഈ ആനുകൂല്യം ലഭ്യമാകുമോ എന്നതിൽ വ്യക്തത വരാനുണ്ട്. നിരവധി പ്രവാസികൾ ഇപ്പോഴും നേരത്തെയുള പുതുക്കൽ പ്രഖ്യാപനവും കാത്ത് നിൽക്കുന്നുണ്ട്.

എന്നാൽ, നാട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പ് സഊദി അറേബ്യയിൽ നിന്ന് രണ്ട് ഡോസ് കൊറോണ വൈറസ് വാക്സിൻ സ്വീകരിച്ച പ്രവാസികൾക്ക് ഈ ആനുകൂല്യം ലഭ്യമാകുകയില്ലെന്ന് പാസ്പോർട്ട് വിഭാഗം അറിയിച്ചു.

ഇഖാമയുടെയും എക്സിറ്റ്, റീഎൻട്രി വിസയുടെയും കാലാവധി നീട്ടുന്നതിനുള്ള പ്രവർത്തനങ്ങൾ ദേശീയ വിവര കേന്ദ്രവുമായി സഹകരിച്ച് ഓട്ടോമാറ്റിക് നടക്കുമെന്നും ജവാസാത്ത് വകുപ്പുകളുമായി ബന്ധപ്പെടേണ്ട ആവശ്യമില്ലെന്നും സമയപരിധി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ജവാസാത്ത് അറിയിച്ചു. യാത്രാ നിരോധനം നേരിടുന്ന രാജ്യങ്ങളിൽ നിന്നുള്ളവരുടെ സന്ദർശന വിസയുടെ സാധുത വിദേശകാര്യ മന്ത്രാലയം ഓട്ടോമാറ്റിക് ആയി നീട്ടുമെന്നും ജവാസാത്ത് വ്യക്തമാക്കി.