ജോര്‍ദാനിലെ അട്ടിമറി ശ്രമം; അബ്ദുള്ള രാജാവിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ഗള്‍ഫ് രാജ്യങ്ങളും അമേരിക്കയും

0
506

അമ്മാൻ: അട്ടിമറി നീക്കമാരോപിച്ച് കഴിഞ്ഞ ദിവസം ജോര്‍ദാനിലുണ്ടായ സംഭവ വികാസങ്ങളിൽ അബ്ദുല്ല രാജാവിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് ഗള്‍ഫ് രാജ്യങ്ങളും അമേരിക്കയും. സഊദി അറേബ്യ, ഖത്തര്‍, യുഎഇ, കുവൈറ്റ് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ക്കു പുറമെ ഗൾഫ് രാജ്യ കൂട്ടായ്‌മയായ ജിസിസിയും അറബ് ലീഗും, രംഗത്തെത്തി. കഴിഞ്ഞ ദിവസമാണ് ജോർദാനിൽ അട്ടിമറി ശ്രമം നടന്നതായി വാർത്ത പുറത്ത് വന്നത്. അട്ടിമറി ശ്രമങ്ങളെ തുടര്‍ന്ന് അബ്ദുല്ല രാജാവിന്റെ അര്‍ധസഹോദരന്‍ പ്രിന്‍സ് ഹംസ ബിന്‍ അല്‍ ഹുസൈന്‍ ഉള്‍പ്പെടെയുള്ള നിരവധി പേരെ സുരക്ഷാ സൈന്യം അറസ്റ്റ് ചെയ്തതായാണ് വിവരം. ജോര്‍ദാന്‍ റോയല്‍ കോടതി മുന്‍ തലവന്‍ ബാസില്‍ അവദല്ലയും ഉൾപ്പെടെ 22 ഉന്നത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്‌തതായാണ് റിപ്പോർട്ടുകൾ.

ഹുസ്സൈൻ രാജാവിന് ആദ്യ ഭാര്യയിലുള്ള മകനാണ് നിലവിലെ രാജാവായ അബ്ദുല്ല . രണ്ടാം ഭാര്യയായ അമേരിക്കക്കാരി നൂർ രാജ്ഞിയിലുണ്ടായ മകനാണ് പ്രിന്‍സ് ഹംസ ബിന്‍ അല്‍ ഹുസൈന്‍. നാൽപത്തിയൊന്ന് കാരനായ ഇദ്ദേഹമായിരുന്നു ഹുസ്സൈൻ രാജാവ് മരിക്കുന്നത് വരെ കിരീടാവകാശി. എന്നാൽ, പുതിയ രാജാവായി അബ്ദുല്ല രണ്ടാമൻ അധികാരമേറ്റതോടെ 2004 ൽ പ്രിന്‍സ് ഹംസയെ കിരീടാവകാശി സ്ഥാനത്ത് നിന്നും മാറ്റി 2009 ൽ തന്റെ മകൻ ഹുസൈനെ കിരീടാവകാശിയായി പ്രഖ്യാപിച്ചിരുന്നു.

അതേസമയം, പ്രിന്‍സ് ഹംസ ബിന്‍ അല്‍ ഹുസൈനെ തങ്ങള്‍ അറസ്റ്റ് ചെയ്‌തിട്ടില്ലെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ചില കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നുമാണ് സൈന്യത്തിന്റെ നിലപാട്. എന്നാൽ, ഹംസ തന്റെ അഭിഭാഷകൻ വഴി ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ താൻ വീട്ടുതടങ്കലിലാണെന്നു വെളിപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here