ആഭ്യന്തര ഉംറ തീർത്ഥാടനത്തിനുള്ള വയസ് ഉയർത്തി; 18 മുതൽ 70 വരെയുള്ളവർക്ക് പങ്കെടുക്കാം

കൊവിഡ് പാശ്ചാതലത്തിലാണ് ഉംറ തീർത്ഥാടനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്

0
528

മക്ക: കൊവിഡ് പാശ്ചാതലത്തിൽ ഏർപ്പെടുത്തിയ ഉംറ വിലക്കിൽ നിന്നും ഏതാനും പ്രായക്കാരെ കൂടി ഒഴിവാക്കിയതായി സഊദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇതോടെ എഴുപത് വയസ്സ് വരെയുള്ളവർക്ക് സഊദിയിൽ നിന്നും ഉംറ തീർത്ഥാടനം നിർവഹിക്കാനാകും. എന്നാൽ, പതിനെട്ടിന് താഴെയുള്ളവർക്ക് ഇപ്പോഴും അനുമതി നൽകിയിട്ടില്ല. നിലവിൽ പതിനെട്ട് വയസ്സ് മുതൽ എഴുപത് വയസ്സ് വരെയുള്ളവർക്ക് ഉംറ തീർത്ഥാടനം നടത്താനാകും.

ഓരോ പതിനഞ്ചു ദിവസത്തിലും ഉംറ പെർമിറ്റ് അനുവദിക്കാൻ നിലവിലെ ക്രമീകരണം അനുവദിക്കുന്നു. ഉംറ നിർവഹിച്ച് പെർമിറ്റ് അവസാനിച്ച ശേഷം തീർഥാടന കർമം ആവർത്തിക്കാവുന്നതാണ്. നേരത്തെ നേടിയ പെർമിറ്റ് റദ്ദാക്കുന്നവർക്ക് ലഭ്യമായ ഏറ്റവും അടുത്ത അവസരത്തിൽ ഉംറ നിർവഹിക്കാൻ പെർമിറ്റ് അനുവദിക്കും. ശഅ്ബാൻ 18 (മാർച്ച് അവസാനം) വരെയാണ് നിലവിൽ ഉംറ നിർവഹിക്കാൻ പെർമിറ്റുകൾ അനുവദിക്കുന്നത്. ഉംറ പെർമിറ്റ് നേടുന്നവർ ഗതാഗത സേവനം പ്രയോജനപ്പെടുത്തൽ നിർബന്ധമല്ല.

നിലവിൽ ബുക്കിംഗിന് സാധ്യമല്ല എന്ന സന്ദേശം ‘ഇഅ്തമർനാ’ ആപ്പ് പ്രദർശിപ്പിക്കുന്നതിന് അർഥം ദിവസം മുഴുവൻ ബുക്കിംഗിന് സാധിക്കില്ല എന്നല്ലെന്നും മിനിറ്റുകൾക്കു ശേഷം ബുക്കിംഗ് സാധ്യമാകുമെന്നും അധികൃതർ അറിയിച്ചു. ഇരുപതു ലക്ഷത്തിലേറെ പേർ ‘ഇഅ്തമർനാ’ ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഉപയോക്താക്കളുടെ ആധിക്യമാണ് ചില നേരങ്ങളിൽ ബുക്കിംഗിന് പ്രയാസം നേരിടാൻ കാരണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here