‘അടുത്ത തവണയും ഞാന്‍ തന്നെ ചെങ്കോട്ടയിലെത്തും; വികസന നേട്ടങ്ങള്‍ എണ്ണി പറയാന്‍: മോഡി
ന്യൂഡല്‍ഹി: 77-ാം സ്വാതന്ത്ര്യദിനഘോഷ നിറവില്‍ രാജ്യം. ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. 2021-ല്‍ പ്രധാനമന്ത്രി ആരംഭിച്ച സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവ ആഘോഷങ്ങളുടെ സമാപനംകൂടിയാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനം.
വിവിധമേഖലയിലുള്ള 1800 പേരാണ് രാജ്യതലസ്ഥാനത്തു നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ ഇക്കുറി പ്രത്യേക അതിഥികള്‍. ഗ്രാമസര്‍പഞ്ചുമാര്‍തൊട്ട് തൊഴിലാളികള്‍വരെ അതിഥികളായെത്തുന്നു. ഓരോ സംസ്ഥാനത്തുനിന്നുമുള്ള 75 ദമ്പതിമാര്‍ പരമ്പരാഗതവേഷത്തില്‍ ചെങ്കോട്ടയിലെ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
ചെങ്കോട്ടയിലെ പൂക്കള്‍കൊണ്ടുള്ള അലങ്കാരങ്ങളില്‍ ഇന്ത്യ ആതിഥ്യംവഹിക്കുന്ന ജി 20 ഉച്ചകോടിയുടെ ലോഗോയുണ്ട്. പ്രധാനമന്ത്രി ദേശീയപതാകയുയര്‍ത്തുന്നതോടൊപ്പം കരസേനാ ബാന്‍ഡിന്റെ ദേശീയഗാനാവതരണം നടന്നു. പതാക ഉയരുന്നതോടൊപ്പം വ്യോമസേനയുടെ അത്യാധുനികമായ രണ്ട് ഹെലികോപ്റ്ററുകള്‍ പുഷ്പവൃഷ്ടി നടത്തി. തുടര്‍ന്ന് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചുതുടങ്ങി.
‘അടുത്ത തവണയും ഞാന്‍ തന്നെ ചെങ്കോട്ടയിലെത്തും; വികസന നേട്ടങ്ങള്‍ എണ്ണി പറയാന്‍’
ന്യൂഡല്‍ഹി: മൂന്നാം തവണയും അധികാരത്തിലേറുമെന്ന് സ്വാതന്ത്ര്യദിനാഘോഷ പ്രസംഗത്തിലും പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസന നേട്ടങ്ങള്‍ എണ്ണി പറയാന്‍ ചെങ്കോട്ടയില്‍ അടുത്ത വര്‍ഷം എത്തുമെന്ന് മോദി പറഞ്ഞു. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
‘പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 2019-ല്‍ നിങ്ങള്‍ എന്നെ ഒരിക്കല്‍ കൂടി അനുഗ്രഹിച്ചു. അഭൂതപൂര്‍വമായ വികസനത്തിനാണ് അടുത്ത അഞ്ച് വര്‍ഷം ലക്ഷ്യമിടുന്നത്. 2047 എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള ഏറ്റവും വലിയ സുവര്‍ണ്ണ നിമിഷം വരുന്ന അഞ്ച് വര്‍ഷമാണ്. അടുത്ത തവണ, ഓഗസ്റ്റ് 15 ന്, ഈ ചെങ്കോട്ടയില്‍ നിന്ന് ഞാന്‍ രാജ്യത്തിന്റെ നേട്ടങ്ങളും വികസനങ്ങളും നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കും’ പ്രധാനമന്ത്രി പറഞ്ഞു.
പ്രസംഗത്തിനിടെ രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ‘പരിവാര്‍വാദവും (കുടുംബാധിപത്യം) പ്രീണനവും ഇന്ന് നമ്മുടെ രാജ്യത്തെ നശിപ്പിച്ചിരിക്കുന്നു. ഒരു കുടുംബം മാത്രം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ചുമതലയിലെത്തുന്നത് എങ്ങനെയാണ്. അവരെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിത മന്ത്രം..കുടുംബത്തിന്റെ പാര്‍ട്ടിയാണ്… കുടുംബവുമാണ് എല്ലാം’ മോദി പറഞ്ഞു.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകത്തെ ഏറ്റവും മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യ മാറുമെന്നത് മോദിയുടെ ഉറപ്പാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘2014ല്‍ ഞങ്ങള്‍ അധികാരത്തില്‍ വരുമ്പോള്‍ ആഗോള സാമ്പത്തിക വ്യവസ്ഥയില്‍ ഇന്ത്യ പത്താം സ്ഥാനത്തായിരുന്നു. 140 കോടി ഇന്ത്യക്കാരുടെ പ്രയത്നത്താല്‍ ഇന്ന് നമ്മള്‍ അഞ്ചാം സ്ഥാനത്തെത്തി, ഇത് വെറുതയങ്ങനെ സംഭവിച്ചതല്ല. അഴിമതിയുടെ ഭൂതം രാജ്യത്തെ അതിന്റെ പിടിയിലാക്കിയിരിക്കുകയായിരുന്നു. അതില്‍ നിന്ന് മോചിപ്പിച്ച് എല്ലാ ചോര്‍ച്ചകളും അടച്ചു ഞങ്ങള്‍ ശക്തമായ സമ്പദ് വ്യവസ്ഥ സൃഷ്ടിച്ചു-മോദി പറഞ്ഞു.