ന്യൂഡല്‍ഹി: ഇന്ത്യയിലെ എഐ രംഗത്ത് 17.5 ബില്യണ്‍ യുഎസ് ഡോളര്‍ (1.5 ലക്ഷം കോടി രൂപ) നിക്ഷേപിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലെയാണ് ഈ പ്രഖ്യാപനം നടത്തിയത്. ഏഷ്യയില്‍ കമ്പനി നടത്തുന്ന എക്കാലത്തെയും ഉയര്‍ന്ന നിക്ഷേപമാണിത്.
ഇന്ത്യയുടെ എഐ സാധ്യതകളെക്കുറിച്ചുള്ള പ്രചോദനാത്മകമായ സംഭാഷണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുന്നതായി സത്യ നദല്ലെ വ്യക്തമാക്കി. രാജ്യത്തിന്റെ അഭിലാഷങ്ങളെ പിന്തുണയ്ക്കുന്നതിനായി ഇന്ത്യയുടെ എഐ ഫസ്റ്റ് ഭാവിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, നൈപുണ്യ വികസനം തുടങ്ങിയവ വികസിപ്പിക്കാന്‍ സഹായിക്കുന്നതിന്, ഏഷ്യയിലെ എക്കാലത്തെയും വലിയ നിക്ഷേപമായ 17.5 ബില്യണ്‍ യുഎസ് ഡോളര്‍ മൈക്രോസോഫ്റ്റ് വാഗ്ദാനം ചെയ്യുന്നുവെന്ന് നദെല്ല എക്സില്‍ കുറിച്ചു.
എഐ യുടെ കാര്യത്തില്‍ ലോകം ഇന്ത്യയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നുവെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. സത്യ നാദെല്ലയുമായി വളരെ ഫലപ്രദമായ ചര്‍ച്ച നടന്നു. മൈക്രോസോഫ്റ്റ് ഏഷ്യയിലെ എക്കാലത്തെയും വലിയ നിക്ഷേപം നടത്തുന്ന സ്ഥലം ഇന്ത്യയാണെന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത രണ്ട് വര്‍ഷത്തിനകം ബെംഗളൂരുവില്‍ ക്ലൗഡ്, എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപിക്കുന്നതിനായി മൈക്രോസോഫ്റ്റ് നേരത്തെ നടത്തിയ മൂന്ന് ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപത്തിന് പുറമെയാണ് പുതിയ നിക്ഷേപം.
കഴിഞ്ഞ ഒക്ടോബറിൽ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് തങ്ങളുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഹബ്ബ് സ്ഥാപിക്കുമെന്ന് ഗൂഗിൾ അറിയിച്ചിരുന്നു. രാജ്യത്ത് യുഎസ് കമ്പനിയുടെ ഇതുവരെയുള്ള ഏറ്റവും വലിയ നിക്ഷേപമാണിത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 15 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും ഗൂഗിള്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ ഡാറ്റാ സെന്ററുകള്‍ നിര്‍മിക്കുന്നതിനായി ആമസോണും കോടിക്കണക്കിന് ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്.





