ആർസിബിക്ക് പുതിയ ഹോം ഗ്രൗണ്ട് വരുന്നു: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം നിർമാണം ആരംഭിച്ചു

News Desk
1 Min Read

ബെംഗളൂരു: കഴിഞ്ഞ വർഷം ആർസിബിയുടെ ഹോം ഗ്രൗണ്ടായ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൻ്റെ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിച്ചത് വലിയ വിവാദമായിരുന്നു. ഇതേ തുടർന്ന് കൂടുതൽ കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഒരു വലിയ സ്റ്റേഡിയം നഗരമധ്യത്തിൽ നിർമിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കർണാടക സർക്കാർ.

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയത്തിൻ്റെ നിർമാണം കഴിഞ്ഞ ദിവസം ആരംഭിച്ചു. അനേക്കൽ താലൂക്കിലെ ഇന്ദ്ലാവാടി ഗ്രാമത്തിലാണ് ഈ പടുകൂറ്റൻ സ്റ്റേഡിയം പണിയുന്നത്. ശനിയാഴ്ച സൂര്യനഗറിൽ ഭവന വകുപ്പും കർണാടക ഭവന ബോർഡും സംഘടിപ്പിച്ച ചടങ്ങിൽ, അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിനും സ്‌പോർട്‌സ് സമുച്ചയത്തിനും മുഖ്യമന്ത്രി സിദ്ധരാമയ്യ തറക്കല്ലിട്ടു.

80,000 പേർക്ക് ഇരിക്കാനുള്ള ശേഷി ഈ പുതിയ സ്റ്റേഡിയത്തിൽ ഉണ്ടാകും. നിലവിൽ 90,000 പേർക്ക് ഇരിക്കാവുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം. ക്രിക്കറ്റ് സ്റ്റേഡിയം നിർമാണത്തിനും സ്‌പോർട്‌സ് സമുച്ചയ നിർമാണത്തിനുമായി 4000 ഏക്കർ സ്ഥലം സർക്കാർ കർഷകരിൽ നിന്ന് ഏറ്റെടുത്തിട്ടുണ്ട്. ഇതിൽ 75 ഏക്കർ സ്ഥലത്താണ് ക്രിക്കറ്റ് സ്റ്റേഡിയം പണിയുക. ബാക്കിയുള്ള സ്ഥലത്ത് സർക്കാർ ടൗൺഷിപ്പ് മാതൃകയിൽ വീടുകളും പ്ലോട്ടുകളും നിർമിക്കും. വീടൊഴിപ്പിക്കപ്പെട്ട കർഷകർക്കും മറ്റു അപേക്ഷകർക്കും ഇവിടെ താമസ സൗകര്യം ഒരുക്കും.

അതേസമയം, ഒരു വിഭാഗം കർഷകരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും എതിർപ്പ് അവഗണിച്ചാണ് സർക്കാരിൻ്റെ ഈ നീക്കം. നിർദ്ദിഷ്ട സ്റ്റേഡിയത്തിനുള്ള സ്ഥലമുള്ളത് കരടിക്കൽ-മഹാദേശ്വര വന്യജീവി ഇടനാഴിക്ക് സമീപമാണെന്നും ഈ പ്രദേശത്ത് ഒരു വലിയ സ്റ്റേഡിയം നിർമിക്കുന്നത് പരിസ്ഥിതിയേയും വന്യജീവികളേയും പ്രതികൂലമായി ബാധിക്കുമെന്നും ഒരു വിഭാഗം കർഷകർ പരാതിപ്പെട്ടു.

എന്നാൽ, സ്റ്റേഡിയം നിർമിക്കുന്ന തീരുമാനത്തെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ന്യായീകരിച്ചു. “സ്റ്റേഡിയം നിർമിക്കുന്നതിനായി സർക്കാർ ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് ഇവിടെ ഭൂമിയുടെ വില കുറവായിരുന്നു. ഇപ്പോൾ അത് ഇരട്ടിയായി. വരും ദിവസങ്ങളിൽ സ്റ്റേഡിയത്തിന് സമീപം ഒരു ഗെയിംസ് വില്ലേജും വികസിപ്പിക്കും,” മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!