‘ഇവനോടല്ലേ കടക്ക് പുറത്ത് എന്ന് പറയേണ്ടത്’; ‘സേവ് CPM’-ന്റെ പേരിൽ എ. വിജയരാഘവനെതിരേ തിരൂരിൽ ഫ്ളക്സ്

1 Min Read

തിരൂർ(മലപ്പുറം): സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനെതിരേ തിരൂരിൽ ഫ്‌ളക്‌സ് ബോർഡ്. സേവ് സിപിഎം എന്ന പേരിലാണ് തിരൂർ സിറ്റി ജങ്ഷനിൽ ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. 

‘സഖാക്കളെ, വർഗീയവാദികളെ കൂട്ടുപിടിച്ച് പാർട്ടിയെ വിറ്റ് കാശാക്കിയ ഇവനല്ലേ ശരിക്കും പരനാറി? ഇവനോടല്ലേ നമ്മൾ കടക്ക് പുറത്ത് എന്ന് പറയേണ്ടത്’ എന്നാണ് ബോർഡിൽ എഴുതിയിരിക്കുന്നത്.

എസ്ഡിപിഐ നേതാവിനൊപ്പമുള്ള എ. വിജയരാഘവന്റെ വീഡിയോ കഴിഞ്ഞദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ഒരു ആഘോഷപരിപാടിക്കിടെ എ. വിജയരാഘവൻ ഭക്ഷണം കഴിക്കുമ്പോൾ എസ്.ഡി.പി.ഐ. തിരൂർ മുനിസിപ്പൽ വൈസ് പ്രസിഡന്റ് ഷാഫി അടുത്തുനിന്ന് മൈക്ക് പിടിച്ച് പാടുന്നതാണ് വീഡിയോയിലുണ്ടായിരുന്നത്.

ഈ വീഡിയോ ചൂണ്ടിക്കാട്ടി ഇടതുപക്ഷ സഹയാത്രികരായ ചിലർ സാമൂഹികമാധ്യമങ്ങളിൽ വിജയരാഘവനെതിരേ നിശിതവിമർശനങ്ങൾ ഉയർത്തി. അതോടെ വിവാദമായി. സി.പി.എം. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ഗഫൂർ പി. ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ് വിജയരാഘവൻ പങ്കെടുത്തതെന്ന് സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് പിന്നീട് പ്രസ്താവനയിൽ അറിയിച്ചു.

ചടങ്ങിൽ പങ്കെടുത്ത് പാട്ടുപാടുന്നയാൾ എസ്.ഡി.പി.ഐ. പ്രാദേശിക നേതാവാണ് എന്നതിന്റെ പേരിൽ വിജയരാഘവനെതിരേ ദുരാരോപണങ്ങൾ ഉന്നയിക്കുന്നത് ദുഷ്ടലാക്കോടെയാണെന്നും പാർട്ടി പറഞ്ഞു. എ. വിജയരാഘവൻ എസ്.ഡി.പി.ഐ. നേതാവുമായി കൂടിക്കാഴ്ച നടത്തി എന്ന പേരിൽ നടക്കുന്ന പ്രചാരണം അപലപനീയമാണെന്നും സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

കോഴിക്കോട്ട് സുഹൃത്തിന്റെ വീട്ടിലെ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നുവെന്ന് ഷാഫിയും വ്യക്തമാക്കി. പരിപാടിയിൽ പങ്കെടുക്കാനെത്തിയ വിജയരാഘവനെ കണ്ടപ്പോൾ ഒരുമിച്ച് ഫോട്ടോ എടുത്തു. ഭക്ഷണം കഴിച്ച് വളരെ വേഗം അദ്ദേഹം പോവുകയും ചെയ്‌തെന്നും ഷാഫി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version