കൊച്ചി: ഏറ്റവും കൂടുതൽ ദേശീയ-വിദേശ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട മലയാള ചിത്രം എന്ന ഖ്യാതിയുള്ള ‘ദൃശ്യം’ പരമ്പരയുടെ മൂന്നാം ഭാഗം, സമീപകാലത്ത് ഇന്ത്യൻ സിനിമ തന്നെ ഏറ്റവും വലിയ പ്രീ-റിലീസ് ഹൈപ്പോടെ വരവേറ്റ ചിത്രങ്ങളിൽ ഒന്നായിരുന്നു. പ്രേക്ഷകരുടെ ഈ ആവേശം കണക്കിലെടുത്ത് 11 ദിവസങ്ങൾക്ക് മുൻപ് തന്നെ നിർമ്മാതാക്കളായ ആശിർവാദ് സിനിമാസ് കേരളത്തിൽ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരുന്നു.
തുടക്കം മുതൽക്കേ മികച്ച പ്രതികരണമാണ് അഡ്വാൻസ് ബുക്കിംഗിൽ ചിത്രത്തിന് ലഭിച്ചത്. മോഹൻലാലിൻറെ പിറന്നാൾ ദിനമായ മെയ് 21-ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ ഷോകൾ കഴിഞ്ഞതോടെ ബോക്സ് ഓഫീസിൽ ജൈത്രയാത്ര ആരംഭിച്ചു. മികച്ച പ്രേക്ഷക പ്രതികരണത്തോടെ തിയറ്ററുകളിൽ നിറഞ്ഞോടുന്ന ചിത്രം, നിലവിലുള്ള പല ബോക്സ് ഓഫീസ് റെക്കോർഡുകളും തിരുത്തിക്കുറിച്ച് ഇപ്പോൾ ടിക്കറ്റ് വിൽപ്പനയിൽ ഒരു പുതിയ ഓൾ ടൈം റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്.
പ്രമുഖ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിൽ, റിലീസിന്റെ മൂന്നാം ദിനത്തിൽ മാത്രം 3.62 ലക്ഷം ടിക്കറ്റുകളാണ് ദൃശ്യം 3 വിറ്റഴിച്ചത്. ബുക്ക് മൈ ഷോ പ്രതിദിന ട്രാക്കിംഗ് ആരംഭിച്ചതിന് ശേഷം ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന മൂന്നാം ദിന വിൽപ്പനയാണിത്. ഈ വിഭാഗത്തിൽ ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’, ‘തുടരും’ എന്നീ ബിഗ് ബജറ്റ് ചിത്രങ്ങൾ ഇട്ട റെക്കോർഡുകളാണ് ജോർജ്ജുകുട്ടിയും കുടുംബവും മറികടന്നത്.
അതേസമയം, റിലീസ് ചെയ്ത് വെറും 3 ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 100 കോടി ക്ലബ്ബിൽ ഇടം നേടിക്കഴിഞ്ഞു. വെറും 58 മണിക്കൂർ കൊണ്ടാണ് ചിത്രം ഈ ചരിത്ര നേട്ടം കൈവരിച്ചതെന്ന് നിർമ്മാതാക്കൾ ഒദ്യോഗികമായി സ്ഥിരീകരിച്ചു. മലയാള സിനിമയിൽ ദൃശ്യം ഫ്രാഞ്ചൈസിക്ക് ഉള്ളത്ര മറുഭാഷാ ആരാധകർ മറ്റൊരു ചിത്രത്തിനും അവകാശപ്പെടാനില്ല.
മലയാളത്തിൽ ഏറ്റവും വേഗത്തിൽ 100 കോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ചിത്രമെന്ന റെക്കോർഡും ഇനി ദൃശ്യം 3-ന് സ്വന്തം. രണ്ട് ദിവസം കൊണ്ട് 100 കോടി തികച്ച മോഹൻലാലിൻറെ തന്നെ ‘എമ്പുരാൻ’ ആണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. സിനിമ റിലീസ് ആയതിന് ശേഷമുള്ള ആദ്യ ഞായറാഴ്ചയായ ഇന്നും ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റെക്കോർഡ് ബുക്കിംഗോടെയാണ് ചിത്രം മുന്നേറുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
